Uncategorized

പിണറായി ദില്ലി പൊലീസിന്‍റെ കസ്റ്റഡിയിൽ തുടരുന്നതിൽ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി; സ്ഥിതിഗതികൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ദില്ലി പൊലീസ് കസ്റ്റഡിയിൽ തുടരുന്നതിൽ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശൻ. പിണറായി കസ്റ്റഡിയിലുള്ള സ്ഥിതി ഗതികൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. റെസിഡൻസ് കമ്മീഷണറുമായി ബന്ധപ്പെടാനും ഇടപെടാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. പിണറായിയെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായത്.

പിണറായിക്കൊപ്പമുള്ള ജോൺ ബ്രിട്ടാസ് എം പിയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പ്രായത്തിന്റെ പരിഗണന പോലും നൽകാതെ ഭക്ഷണവും കൃത്യസമയത്തെ മരുന്നും നിഷേധിച്ചായിരുന്നു പൊലീസിന്റെ നടപടിയെന്നും ബ്രിട്ടാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഉന്നത നിർദേശമില്ലാതെ വിട്ടയക്കില്ലെന്ന നിലപാടിലാണ് പോലീസ് തുടരുന്നതെന്നും പിണറായിക്കൊപ്പമുള്ള ജോൺ ബ്രിട്ടാസ് വിവരിച്ചിരുന്നു. എന്നാൽ പിണറായി വിജയനടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ വിട്ടയക്കുമെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.

പിണറായിയെ വട്ടംകറക്കിയത് മൂന്നര മണിക്കൂർ

രാവിലെ പതിനൊന്ന് മണിയോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ പ്രതിഷേധിച്ചെങ്കിലും ദില്ലി പൊലീസ് അവഗണന തുടരുകയായിരുന്നു. പിണറായിയുടെ ഭക്ഷണവും മരുന്നുമടക്കം മുടങ്ങിയെന്ന് ഒപ്പമുള്ള നേതാക്കൾ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തു. പ്രായമായ ഒരു നേതാവിനോട് തികച്ചും മോശമായാണ് പെരുമാറിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നേരത്തെ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ അടക്കമുള്ള നേതാക്കളെയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. സി പി എം പിബി അംഗം വിജു കൃഷ്ണൻ, സി ഐ ടി യു നേതാക്കൾ, എസ് എഫ് ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button