ഇടിമിന്നലില്‍ സ്വിച്ച് ബോര്‍ഡ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു; വ്യാപക നാശനഷ്ടം

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ശക്തമായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. കളരിക്കണ്ടിയില്‍ വീട്ടമ്മയ്ക്ക് മുഖത്ത് പരിക്കേല്‍ക്കുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് 5:30ഓടെയാണ് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. അടുക്കളയില്‍ പാല്‍പാത്രം എടുക്കാനായി പോയപ്പോഴാണ് ചെറുപൈക്കാട്ട് ഗീത (60) യ്ക്ക് പരിക്കേറ്റത്. വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ബോര്‍ഡ് പൊട്ടിത്തെറിച്ച് മുഖത്തേക്ക് തെറിക്കുകയായിരുന്നു.
കളരിക്കണ്ടി ഒഴിയില്‍ ഭാഗത്ത് ചേനോത്ത് സജീവന്റെ വീട് ഉള്‍പ്പെടെ നാലോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വീടിന്റെ ചുമര്‍ തകര്‍ന്നിട്ടുണ്ട്. ഇടിമിന്നലിന്റെ ആഘാതത്തില്‍ ഭൂമി കുഴിഞ്ഞ് ഗര്‍ത്തം ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.
വീടുകളിലെ വയറിങ് കത്തിനശിക്കുകയും മോട്ടോര്‍ കത്തിപ്പോകുകയും ചെയ്തു. മെയിന്‍ സ്വിച്ച് ബോര്‍ഡുകളും കത്തിനശിച്ചു. ഫാന്‍, ലൈറ്റുകള്‍ തുടങ്ങിയവ കേടായി. കെഎസ്ഇബി അധികൃതര്‍ എത്തി വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നു. വൈദ്യുതി വന്നാല്‍ മാത്രമേ കൂടുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ കഴിയുകയുള്ളൂ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി കെ ഹിതേഷ്‌കുമാര്‍ അപകടമുണ്ടായ വീടുകള്‍ സന്ദര്‍ശിച്ചു.




