Uncategorized

റിപ്പോർട്ടർ ടി വി മാധ്യമ പ്രവർത്തകർ രോഷ്‌നി രാജനും ഫർസ ടി എമ്മും കസ്റ്റഡിയിൽ; വലിച്ചിഴച്ച് ഡൽഹി പൊലീസ്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന യുവജന പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ ടി വി മാധ്യമ പ്രവര്‍ത്തകര്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍. റോഷ്‌നി രാജന്‍, ഫര്‍സ ടി എം എന്നിവരെയാണ് ഡല്‍ഹി പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരടങ്ങുന്ന ഒരു സംഘത്തെ പൊലീസ് വാനില്‍ കയറ്റി കൊണ്ടുപോയി. റിപ്പോര്‍ട്ടിംഗിനിടെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാനിലേക്ക് കയറ്റിയത്. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഇവരോട് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

‘അതിര്‍ത്തി സ്ഥലത്തേക്കാണ് പോകുന്നതെന്നും സുര്‍ജിത് ഭവനില്‍ നിന്നും സിപിഐഎം നേതാക്കളും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും നടത്തുന്ന പ്രതിഷേധ മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തതെന്നും റോഷ്‌നി വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകരാണെന്ന് ഐഡി കാര്‍ഡ് ഉയര്‍ത്തി ആവര്‍ത്തിച്ച് പൊലീസിനോട് പറഞ്ഞെങ്കിലും കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും റോഷ്‌നി വ്യക്തമാക്കി. മറ്റുമാധ്യമപ്രവര്‍ത്തകരും വാഹനത്തിലുണ്ട്.

‘ഉന്തി തള്ളിയാണ് പൊലീസ് ഞങ്ങളെ വാഹനത്തിലേക്ക് കയറ്റിയത്. റോഡിലേക്ക് വലിച്ചിഴച്ചു. എന്ത് മീഡിയ എന്ന് പൊലീസ് ആവര്‍ത്തിച്ചു പറഞ്ഞു. എങ്കില്‍ ദൃശ്യങ്ങള്‍ അവിടെയെത്തി പകര്‍ത്താം എന്നാണ് പൊലീസിന്റെ തിരിച്ചുള്ള മറുപടി’, ഫര്‍സയും പറയുന്നു.

സിജെപി പ്രക്ഷോഭത്തിനെതിരെ വ്യാപക അടിച്ചമര്‍ത്തലാണ് പൊലീസ് നടത്തുന്നത്. സിജെപി നേതാക്കളായ അഭിജീത് ദീപ്‌കെ, സൗരഭ് ദാസ്, അശുതോഷ് റാങ്ക, രത്‌ന സിങ് എന്നിവരെ പൊലീസ് കസ്റ്റഡിയിലാണ്. നേതാക്കളെ വിമാനത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടതുനേതാക്കളും പൊലീസ് കസ്റ്റഡിയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button