സമാധാന നൊബേൽ നവനീതം പിള്ളയ്ക്ക് നൽകിയതിൽ ഇസ്രയേൽ വിമർശനം, പുരസ്കാരത്തിന്റെ ധാർമികത നഷ്ടപ്പെട്ടെന്ന് നെതന്യാഹു

ടെൽ അവീവ്: 2026 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ദക്ഷിണാഫിക്കക്കാരിയായ ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിള്ളയ്ക്ക് നൽകിയതിനെ വിമർശിച്ച് ഇസ്രയേൽ രംഗത്ത്. നൊബേൽ പുരസ്കാരത്തിന്റെ ധാർമിക വീക്ഷണം നഷ്ടപ്പെട്ടെന്ന് ഇസ്രേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമർശിച്ചു. പുരസ്കാരം നൽകിയത് ജൂത വിരുദ്ധ പ്രചാരണത്തിലൂടെ കരിയർ പടുത്തുയർത്തിയ ആൾക്കെന്നും നെതന്യാഹു കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ന്യായാധിപയായ നവി പിള്ള, ഗസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന് കണ്ടെത്തിയ യു എൻ സ്വതന്ത്ര കമ്മിഷൻ അധ്യക്ഷയായിരുന്നു. ഇതാണ് ഇസ്രയേലിന്റെ പ്രകോപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം ഐക്യരാഷ്ട്രസഭയുടെ മുൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറായ 85 കാരിയായ നവി പിള്ളയുടെ പ്രവർത്തനങ്ങൾക്കുള്ള ആഗോള തലത്തിലെ അംഗീകാരമായാണ് മറ്റ് പല രാജ്യങ്ങളും നൊബേൽ പുരസ്കാര നേട്ടത്തെ കാണുന്നത്. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് നവി പിള്ളക്ക് ഇക്കുറി പുരസ്കാരം നൽകുന്നതെന്നാണ് നൊബേൽ കമ്മിറ്റി അറിയിച്ചത്.
നിയമപോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ നവി പിള്ള
നിയമവാഴ്ചയില്ലാതെ പ്രവർത്തിക്കുന്ന ലോകം അനീതി നിറഞ്ഞതും വിവേകശൂന്യവും മനുഷ്യത്വരഹിതവുമാണെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമം കാത്തുസൂക്ഷിക്കുന്ന ന്യായാധിപന്മാർ നമ്മുടെ പ്രശംസയ്ക്ക് അർഹരാണ്. നവി പിള്ളയ്ക്ക് സമാധാന നൊബേൽ പ്രഖ്യാപിച്ചുകൊണ്ട് നോർവീജിയൻ നൊബേൽ കമ്മിറ്റി ചെയർമാൻ യൊർഗൻ വാറ്റ്നെ ഫ്രൈഡ്നസിൻ്റെ വാക്കുകളാണിത്. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരമെന്ന് നൊബേൽ സമിതി വിലയിരുത്തി. 1941 ൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജനിച്ച നവി പിള്ള അന്താരാഷ്ട്ര നിയമ വിദഗ്ധയും മനുഷ്യാവകാശ പ്രവർത്തകയുമാണ്. ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും വംശീയ ലിംഗ വിവേചനത്തിന് എതിരായ നിയമ പോരാട്ടത്തിന് നേതൃത്വം നൽകി. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ന്യായാധിപയായ നവി പിള്ള, ഗസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന് കണ്ടെത്തിയ യു എൻ സ്വതന്ത്ര കമ്മിഷൻ അധ്യക്ഷയായിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി, റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭാ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവയിലെ സേവനത്തിലൂടെ പ്രശസ്തയാണ്. 1890 കളിൽ തമിഴ്നാട്ടിൽ നിന്ന് കരാർ തൊഴിലാളികളായി ദക്ഷിണാഫ്രിക്കയിൽ എത്തിയതാണ് നവി പിള്ളയുടെ കുടുംബം. നിയമ പഠനം പൂർത്തിയാക്കി ദക്ഷിണാഫ്രിക്കയിലെ വംശീയവിവേചന വിരുദ്ധ നിയമപോരാട്ടങ്ങളിൽ നെൽസൺ മണ്ടേല അടക്കമുള്ളവർക്കൊപ്പം സജീവ പങ്കാളിയായിരുന്നു നവി പിള്ള. 1995 ൽ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ ആദ്യത്തെ വെള്ളക്കാരല്ലാത്ത വനിതാ ജഡ്ജിയായും നവി പിള്ള നിയമിക്കപ്പെട്ട് ചരിത്രം കുറിച്ചിരുന്നു




