Uncategorized
തലശ്ശേരി ജുമാ മസ്ജിദിൽ മോഷണം; മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്, കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

കണ്ണൂർ: കണ്ണൂർ തലശ്ശേരി ജുമാ മസ്ജിദിലെ ഭണ്ഡാരം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണ് പിടിയിലായത്. മണിക്കൂറുകൾക്കകം പ്രതിയെ പിടിക്കാനായതിന്റെ അശ്വാസത്തിലാണ് തലശ്ശേരി പൊലീസ്.തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവ്യൂ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 11.20 മണിക്കാണ് മോഷണം നടന്നത്. മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് പണമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. 10,000 രൂപയാണ് പ്രതി കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളൻ കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണെന്ന് വ്യക്തമായത്. ഇയാളെ പള്ളൂർ ഭാഗത്തുനിന്ന് മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതിയാണ് സൈഫുദ്ദീൻ.




