Uncategorized

അറിവിന്റെ വഴികാട്ടികൾക്ക് ആദരം; ഇന്ന് ലോക അധ്യാപക ദിനം

ഒരു സമൂഹത്തിന്റെ പുരോഗതിയുടെയും വളർച്ചയുടെയും ആധാരശിലയാണ് മികച്ച വിദ്യാഭ്യാസം. ആ വിദ്യാഭ്യാസ പ്രക്രിയയിലെ ഏറ്റവും നിർണ്ണായകമായ കണ്ണിയാണ് അധ്യാപകർ. നമ്മെ അറിവിന്റെ ആകാശത്തിലേക്ക് കൈപിടിച്ചുയ‌‍ർത്തുന്നവരാണ് അവ‌ർ. ആ വഴികാട്ടികളെ സ്മരിക്കുവാനും ആദരിക്കാനുമാണ് ഇന്ന് ലോക അധ്യാപക ദിനമായി ആചരിക്കുന്നത്. തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർ നൽകുന്ന അമൂല്യമായ സംഭാവനകളെ ആദരിക്കാനും വിദ്യാഭ്യാസ മേഖലയിൽ അവർ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യാനുമാണ് ഈ ദിനം.

1966 ഒക്ടോബർ 5-നാണ് അധ്യാപകരുടെ പദവി, അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, സേവന വേതന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട് യുനെസ്‌കോയും (UNESCO) അന്താരാഷ്ട്ര തൊഴിൽ സംഘടനയും (ILO) ചേർന്ന് ചരിത്രപരമായ ഒരു ശുപാർശ ഒപ്പുവെച്ചത്. ഈ ദിനത്തിന്റെ ഓർമ്മയ്ക്കായാണ് 1994 മുതൽ യുനെസ്‌കോയുടെ നേതൃത്വത്തിൽ ഒക്ടോബർ 5 ലോക അധ്യാപക ദിനമായി ആചരിച്ചു വരുന്നത്.

പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതമൂല്യങ്ങളും പ്രതിസന്ധികളെ നേരിടാനുള്ള കരുത്തും പകർന്നു നൽകുന്നവരാണ് യഥാർത്ഥ അധ്യാപകർ. വിവരസാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഈ ആധുനിക യുഗത്തിലും അധ്യാപകന്റെ സ്ഥാനത്തിന് പകരമാവാൻ മറ്റൊന്നിനും കഴിയില്ല. അധ്യാപകരെ കേവലം ആദരിക്കുക എന്നതിലുപരി, അവരുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, മികച്ച പരിശീലനങ്ങൾ നൽകുക, വിദ്യാഭ്യാസ മേഖലയിലെ പുതിയ വെല്ലുവിളികളെ നേരിടാൻ അവരെ പ്രാപ്തരാക്കുക എന്നിവയും ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. അറിവിന്റെ ലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തിയ, ജീവിതത്തിൽ വഴികാട്ടികളായ എല്ലാ അധ്യാപകർക്കും ലോക അധ്യാപക ദിനാശംസകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button