CPIMൽ സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന് നേരത്തേ അറിയാവുന്ന കാര്യം, പാർട്ടി ഓഫീസുകൾ പോലും സുരക്ഷിതമല്ല; ജെബി മേത്തർ

പാലക്കാട്: ഇ എന്‍ സുരേഷ് ബാബുവിനെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയില്‍ പ്രതികരിച്ച് ജെബി മേത്തര്‍ എം പി. സിപിഐഎമ്മില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല എന്ന് നേരത്തെ അറിയാവുന്ന കാര്യമാണെന്ന് ജെബി മേത്തര്‍ പറഞ്ഞു. സിപിഐഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ പോലും സുരക്ഷിതമല്ല. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഉന്നതരായ നേതാക്കള്‍ പങ്കാളികളാകുന്നുവെന്നും ജെബി മേത്തര്‍ ആരോപിച്ചു.അടൂര്‍ പ്രകാശുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് പിന്നാലെ തനിക്കെതിരെ ഉയര്‍ന്നുവന്ന സൈബര്‍ ആക്രമണങ്ങളില്‍ ജെബി മേത്തര്‍ പരാതി നല്കി. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചുദിവസമായി തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും ഡിജെപിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയെന്നും അവര്‍ പ്രതികരിച്ചു.
‘നമ്മള് എങ്ങനെ പ്രതികരിക്കണമെന്ന് ആരൊക്കെയോ എവിടെയോ ഇരുന്ന് ആജ്ഞാപിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നവരെയും ചെയ്യിപ്പിക്കുന്നവരെയും കണ്ടെത്തി പൊലീസ് നടപടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. എന്റെ പോസ്റ്റുകളിലെ ഒരു കുത്തും കോമ്മയും പോലും ഡിലീറ്റ് ചെയ്തിട്ടില്ല, ചെയ്യുകയുമില്ല’, ജെബി മേത്തര്‍ പറഞ്ഞു.
തന്നെ ഭയപ്പെടുത്താനോ നിലപാടുകളെ മാറ്റാനോ സാധിക്കില്ല. ഭീഷണിയില്‍ വീഴില്ല. മുഖ്യമന്ത്രിക്ക് ഇതില്‍ ബന്ധമുണ്ടെന്ന് കരുതുന്നുമില്ല.
സോഷ്യല്‍ മീഡിയ ടീം ഇല്ലാ എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. ആരാണെന്ന് പൊലീസ് കണ്ടെത്തട്ടെയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ യാതൊരു പരാതിയും പാര്‍ട്ടിക്ക് മുന്നില്‍ ലഭിച്ചിട്ടില്ലെന്നാണ് വി ചെന്താമരാക്ഷനും എം വി ഗോവിന്ദനും പറുന്നത്. യുവ അഭിഭാഷകയുടെ പരാതിയില്‍ സുരേഷ് ബാബുവിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പരാതിയേ ലഭിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും പ്രതികരിക്കുന്നത്.
ഇ എന്‍ സുരേഷ് ബാബുവിനെതിരെ പാരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്. പാര്‍ട്ടിക്ക് പരാതി കിട്ടിയോ കിട്ടിയില്ലെന്നോ ഉള്ളത് അല്ല വിഷയം. തിരുത്തേണ്ടത് മുഴുവന്‍ തിരുത്തും. പാര്‍ട്ടിക്ക് മുന്നില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദന്, പരാതി കിട്ടിയോ എന്നത് പ്രസക്തമല്ലെന്നും പ്രതികരിച്ചു. അതേസമയം സുരേഷ് ബാബുവിനെ മാറ്റിയത് പാര്‍ട്ടി നടപടി തന്നെയെന്നാണ് ഇന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസ് പ്രതികരിച്ചത്.




