Uncategorized

കൊടും ക്രൂരതയിൽ പൊലീസ് കേസിന് പിന്നാലെ വഴങ്ങി മകള്‍; വൃദ്ധ ദമ്പതികള്‍ക്ക് വീടിന്‍റെ താക്കോൽ തിരിച്ചു നൽകി

തിരുവനന്തപുരം: വർക്കല അയിരൂരിൽ പുറത്താക്കപ്പെട്ട വൃദ്ധ ദമ്പതികൾക്ക് വീടിന്‍റെ താക്കോൽ തിരിച്ച് നൽകി മകൾ. വീട്ടിൽ നിന്ന് ഇവരെ പുറത്താക്കിയ മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്‍റെ താക്കോൽ മാതാപിതാക്കൾക്ക് തിരിച്ച് നൽകിയത്. മന്ത്രി ആർ ബിന്ദുവടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു. ഇന്നലെ വൈകിട്ടാണ് വർക്കല അയിരൂരിൽ 79 വയസുള്ള സദാശിവൻ, ഭാര്യ 73 വയസുള്ള സുഷമ്മ എന്നിവരെ മകൾ സിജി വീടിന് പുറത്താക്കി വാതിൽ അടച്ചത്.

പൊലീസ് അടക്കം സ്ഥലത്തെത്തി വീട് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മകൾ തയ്യാറായിരുന്നില്ല. പിന്നാലെ അർബുദരോഗിയായ സദാശിവന്‍റെയും ഭാര്യ സുഷമ്മയുടെയും ആശുപത്രി രേഖകളും മരുന്നു കവറുകളും ജനൽ വഴി മകൾ പുറത്തേക്കിടുകയായിരുന്നു. അച്ഛനെയും അമ്മയെയും ഏറ്റെടുക്കാൻ സമീപത്ത് താമസിക്കുന്ന മകൻ സാജനും തയ്യാറായിരുന്നില്ല . തുടർന്ന് പൊലീസ് മാതാപിതാക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ഇവർ മറ്റൊരു ബന്ധുവിന്‍റെ വീട്ടിലേക്ക് മാറുകയായിരുന്നു

ഇന്ന് വൃദ്ധരായ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മകൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്തു തട്ടിയെടുക്കാൻ ശ്രമിച്ചതിനും വഞ്ചന കുറ്റത്തിനുമാണ് അയിരൂർ പൊലീസ് മകൾ സിജിക്കും, ഭർത്താവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ വിഷയത്തിൽ അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും ആർഡിഒയ്ക്കും നിർദ്ദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button