‘പൊറുതിമുട്ടിയാൽ ഒരു കൊലപാതകം.., നിങ്ങൾ നോക്കിക്കോ’ പോലീസിനോട് വി.ജോയ് എംഎൽഎ, വിശദീകരണം

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി.ജോയ്. സിപിഎം സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ വി.ജയചന്ദ്രന് മുമ്പാകെ ഭീഷണി മുഴക്കിയത്.’അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം.., നിങ്ങൾ നോക്കിക്കോ’ എന്ന് വി.ജോയ് പറഞ്ഞു. കൊലപാതകം എന്ന് പറഞ്ഞ ശേഷം ജോയ് പറയുന്നത് പുറത്തുവന്ന വീഡിയോയിൽ വ്യക്തമായി കേൾക്കുന്നില്ല. സിപിഎം നേതാക്കൾ പോലീസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് വി.ജോയ് എംഎൽഎയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു പരാമർശം ഉണ്ടായത്.കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഗോകുലിനെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഭീഷണിയെന്നാണ് ആരോപണം.
എസ്എഫ്ഐ പ്രവർത്തകർക്കെതിരായ ലാത്തിചാർജുമായി ബന്ധപ്പെട്ട് ഗോകുലിനെതിരെ സിപിഎം പ്രവർത്തകർ വ്യാപകമായ സൈബർ പ്രചാരണം നടത്തിവരുന്നുണ്ട്.
കടകംപള്ളി സുരേന്ദ്രനടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വി.ജോയിയുടെ പരാമർശം. എന്നാൽ കൊലപാതം നടത്തുമെന്നല്ല താൻ പറഞ്ഞതെന്നും പോലീസ് കൊല്ലുമെന്നുള്ള മുന്നറിയിപ്പാണ് നൽകിയതെന്നും വി.ജോയ് വിശദീകരിച്ചു.
കുട്ടികളെ ഇങ്ങനെ മൃഗീയമായി അടിച്ചാൽ കൊല്ലപ്പെടുമെന്നും, അപ്പോൾ കൊലപാതകം നടക്കുമെന്നുമാണ് താൻ അസിസ്റ്റന്റ് കമ്മിഷണറോട് പറഞ്ഞെന്ന് വി.ജോയ് പ്രതികരിച്ചു.




