വിധി എഴുത്ത് ഇന്ന്; ഉപതെരഞ്ഞെടുപ്പ് 38 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക്, വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറുമണിക്ക് വിധിയെഴുത്ത് അവസാനിക്കും. 126 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സുധീര്‍ഷ പാലോട്, വിനു ജോബ്, കെ വി ശാന്തകുമാര്‍, ഉഷ വിജയന്, ദീപക് ജോയ്, ഫാത്തിമ തഹലിയ എന്നിവര്‍ എംഎല്‍മാരായ സാഹചര്യത്തില്‍ രാജിവച്ച ആറിടത്തും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് മുതല്‍ കോര്പ്പറേഷന് വാര്‍ഡുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നാളെയാണ് വോട്ടെണ്ണല്‍ നടക്കുക. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം നടക്കുന്ന ആദ്യ ഉപതെഞ്ഞെടുപ്പാണ് ഇതെന്നതും പ്രത്യേകതയാണ്. സീറ്റുകള്‍ നിലനിര്‍ത്തി ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കാന്‍ യുഡിഎഫ് ശ്രമിക്കുമ്പോള്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ച് തിരിച്ചുവരവിന്റെ പാതയിലാണെന്ന് തെളിയിക്കുകയാവും എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്.കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലെയും മട്ടന്നൂര്‍, ചിറ്റൂര്‍-തത്തമംഗലം, ചാലക്കുടി നഗരസഭകളിലേയും ഓരോ വാര്‍ഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാര്‍ഡുകളിലെയും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എന്ന നിലയിലാകും വിലയിരുത്തപ്പെടുക. പ്രിയദര്‍ശിനി പദ്ധതി, ആശമാര്‍ക്കുള്ള ഓണറേറിയം വര്‍ധിപ്പിച്ചത്, വി ഡി സസീശന്റെ വികസന കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളാണ് യുഡിഎഫ് പാളയം പ്രചാരണായുധമാക്കുന്നതെങ്കില്‍ കറണ്ട് കട്ട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ചതായിരുന്നുവെന്ന പ്രചാരണമാണ് ഇടതുപക്ഷം ആയുധമാക്കിയത്. പൊരുതി നോക്കാന്‍ ബിജെപിയും കളത്തിലുണ്ട്.




