Uncategorized

തദ്ദേശസ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് ആരംഭിച്ചു

സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ 38 വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

ശനിയാഴ്ച വൈകിട്ടോടെ പരസ്യപ്രചാരണം അവസാനിച്ചു. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. www.sec.kerala.gov.in സൈറ്റിലെ TRENDൽ തെരഞ്ഞെടുപ്പ് ഫലം ലഭിക്കും. നിയമസഭാംഗമായതിനാൽ വാര്‍ഡ് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 385 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്.

രണ്ട് കോർപറേഷൻ ഡിവിഷൻ, (കൊച്ചി, കോഴിക്കോട്), മൂന്ന് നഗരസഭാ ഡിവിഷൻ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, 23 പഞ്ചായത്ത് വാർഡ്‌ എന്നിവയിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പാണിത്‌. അതുകൊണ്ടുതന്നെ സമീപകാല രാഷ്‌ട്രീയസാഹചര്യങ്ങൾ വോട്ടർമാരെ സ്വാധീനിക്കാനിടയുണ്ട്.

അതേസമയം വോട്ടുചെയ്യാൻ പോകുന്നവർക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ്‌ ലൈസൻസ്, പാൻ കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്ക്/ പോസ്റ്റ് ഓഫീസിൽനിന്ന് ആറു മാസത്തിനുള്ളിൽ ലഭിച്ച ഫോട്ടോ പതിച്ച പാസ് ബുക്ക്, കേന്ദ്ര–-സംസ്ഥാന സർക്കാർ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button