ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ല: മധ്യപ്രദേശില്‍ നിന്നും സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിയിലും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ല. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് ഇന്ന് ലഭിക്കും. പവർ എക്സ്ചേഞ്ച് വഴി 450 മെഗാവാട്ടും ഉറപ്പാക്കിയിട്ടുണ്ട്. 600 മെഗാവാട്ടാണ് ഇന്ന് കുറവ് പ്രതീക്ഷിച്ചിരുന്നത്.മഴ കനത്തതോടെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ട്. ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്നും KSEB അറിയിച്ചു. 25 ദിവസത്തിനിടെ വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പില്ലാത്ത രണ്ടാം ദിവസമാണിന്ന്. ഇന്നലെ രാത്രിയും വൈദ്യുതി നിയന്ത്രണം വേണ്ടി വന്നിരുന്നില്ല.
അതേസമയം വൈകിട്ട് 7 മുതൽ രാത്രി 12 വരെ വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. വാട്ടര്‍ അതോറിറ്റി പമ്പിങ്ങും വീട്ടിൽ കൂടുതൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും പകലാക്കണം. എസി താപനില 25 ഡിഗ്രിയിൽ വയ്ക്കണം. അനാവശ്യ ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം ഇറക്കിയ സര്‍ക്കുലറിൽ ആവശ്യപ്പെട്ടു.




