Uncategorized

വളർത്തുപൂച്ചയോട് യുവാവിന്‍റെ ക്രൂരത; സോഷ്യൽ മീഡിയയിലെ വീഡിയോക്കെതിരെ പ്രതിഷേധവുമായി യുഎഇയിലെ മൃഗസ്നേഹികൾ, പരാതി നൽകി

.
ദുബായ്: വളർത്തുപൂച്ചയോട് അതിക്രമം കാണിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് യുഎഇയിലെ അനിമൽ റെസ്ക്യൂ ഗ്രൂപ്പുകളും മൃഗസ്നേഹികളും. ഗ്രേ നിറത്തിലുള്ള പൂച്ചയുടെ കഴുത്തിൽ കാൽ അമർത്തുന്നതും കത്തി കാണിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചത്.

സംഭവം ശ്രദ്ധയിൽപ്പെട്ട യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘റിമോട്ട് റെസ്ക്യൂസ്’ യുഎഇയിലെ അനിമൽ കമ്മ്യൂണിറ്റി എന്നീ സംഘടനകൾ ദുബായ് പൊലീസിന്റെ സൈബർ ക്രൈം വിഭാഗത്തിനും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം കടുക്കുകയും ചെയ്തതോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാപ്പപേക്ഷിച്ച് യുവാവ് രംഗത്തെത്തി. ‘ഇത് ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ സ്വന്തം പൂച്ചയാണ്. ഞാൻ ചെയ്തത് ഒരു തമാശ മാത്രമായിരുന്നു, അതിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ആരും എന്നെ തെറ്റിദ്ധരിക്കരുത്. ഇനിയൊരിക്കലും ഇത്തരം വീഡിയോകൾ ചെയ്യില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു’- യുവാവ് കുറിച്ചു.

എന്നാൽ ഇത്തരം പ്രവൃത്തികൾ തമാശയായി കാണാനാകില്ലെന്നും മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ നിസ്സാരവൽക്കരിക്കരുതെന്നും അനിമൽ വെൽഫെയർ പ്രവർത്തകർ വ്യക്തമാക്കി. യുഎഇയിൽ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിന് ശക്തമായ നിയമങ്ങളാണ് നിലവിലുള്ളത്. വളർത്തുമൃഗങ്ങളെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർക്ക് 5,000 ദിർഹം വരെ പിഴ ലഭിക്കാം. ശ്രദ്ധയില്ലായ്മ കാരണം മറ്റൊരാളുടെ മൃഗത്തിന് പരിക്കേറ്റാൽ 3,000 ദിർഹം വരെയും, മൃഗം ചത്തുപോയാൽ 10,000 ദിർഹം വരെയും പിഴ ഈടാക്കാം. വളർത്തുമൃഗങ്ങൾക്ക് കൃത്യമായ ആഹാരം, പാർപ്പിടം, വൈദ്യസഹായം എന്നിവ നൽകാൻ ഉടമസ്ഥർ ബാധ്യസ്ഥരാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button