തിരുവനന്തപുരം ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ സ്ട്രോങ് റൂമിൽ നിന്ന് കാണാതായി
വലിയശാല ദേവസ്വത്തിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണ ശേഖരത്തിൽ നിന്നാണ് ഇവ നഷ്ടപ്പെട്ടത്

നിയമസഭാമന്ദിരത്തിനു തൊട്ടടുത്തുള്ള തിരുവനന്തപുരം ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ കല്ലുകൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായി. വലിയശാല ദേവസ്വത്തിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണ ശേഖരത്തിൽ നിന്നാണ് ഇവ നഷ്ടപ്പെട്ടത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിർദേശം നൽകി.
സെപ്റ്റംബർ ഒമ്പതിന് പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചുമതലയേറ്റതിനെത്തുടർന്ന് സ്ട്രോങ് റൂമിലെ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ തിരുവാഭരണങ്ങൾ ഒത്തുനോക്കി പരിശോധിച്ചപ്പോഴാണ് വെള്ളിക്കൊമ്പുകൾ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. 1992-ൽ ഒരു ഭക്തൻ നടയ്ക്കുവെച്ചതാണ് ഈ തിരുവാഭരണം. ഓരോ കൊമ്പിലും 12 വീതം നീലക്കല്ലുകൾ പതിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മീഷണർ ആർ. രജിലാലിന്റെ നേതൃത്വത്തിൽb സെപ്റ്റംബർ 28-ന് സ്ട്രോങ് റൂം തുറന്ന് വിപുലമായ പരിശോധന നടത്തും.




