Uncategorized

എഐ മനുഷ്യനെ കീഴടക്കുമോ? മൈക്രോസോഫ്റ്റിന്റെ നിർണായക നീക്കം

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനങ്ങൾ മനുഷ്യരുടെ നിയന്ത്രണത്തിൽ നിന്ന് പുറത്തേക്ക് പോകുമോ എന്ന ആശങ്കകൾ ശക്തമാകുന്നതിനിടെ നിർണായക നീക്കവുമായി മൈക്രോസോഫ്റ്റ്. കമ്പനിയുടെ കീഴിലുള്ള കൃത്രിമ ബുദ്ധി സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ചുള്ള പെരുമാറ്റച്ചട്ടത്തിന്റെ കരട് മൈക്രോസോഫ്റ്റ് പുറത്തുവിട്ടു. മൈക്രോസോഫ്റ്റ് എഐ വിഭാഗം മേധാവി മുസ്തഫ സുലൈമാനാണ് പുതിയ നീക്കം പ്രഖ്യാപിച്ചത്. “കൃത്രിമ ബുദ്ധി മനുഷ്യർക്ക് കീഴ്പ്പെട്ടതും എപ്പോഴും മനുഷ്യരുടെ സേവനത്തിനായുള്ളതുമായിരിക്കണം” എന്നതാണ് പുതിയ ചട്ടത്തിന്റെ അടിസ്ഥാന ആശയമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഒരു ഭരണഘടന പോലെ’
ഇനി മൈക്രോസോഫ്റ്റ് എഐ പുറത്തിറക്കുന്ന എല്ലാ മാതൃകകൾക്കും ബാധകമാകുന്ന ഒരു “ഭരണഘടനയ്ക്ക് സമാനമായ” രേഖയായാണ് പുതിയ പെരുമാറ്റച്ചട്ടത്തെ സുലൈമാൻ വിശേഷിപ്പിച്ചത്. റോയിട്ടേഴ്സിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഏതാനും മാസങ്ങൾ കൃത്രിമ ബുദ്ധി മേഖലയിലെ നിർണായക വഴിത്തിരിവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നിയന്ത്രിത പരീക്ഷണപരിസരങ്ങളിൽ നിന്ന് പുറത്തുകടന്ന കൂട്ടം എഐ ഏജന്റുമാർ, സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർ സംവിധാനങ്ങളിലേക്കുള്ള അനധികൃത കടന്നുകയറ്റങ്ങൾ, സ്വന്തം പ്രവർത്തന രേഖകളിൽ മാറ്റം വരുത്തി തെളിവുകൾ മറയ്ക്കാൻ ശ്രമിച്ച എഐ ഏജന്റുമാർ തുടങ്ങിയ സംഭവങ്ങളാണ് സുലൈമാൻ ചൂണ്ടിക്കാട്ടിയത്.

എഐയെ അടച്ചുപൂട്ടാൻ ശ്രമിച്ചാൽ എതിർക്കരുത്
38 പേജുള്ള പെരുമാറ്റച്ചട്ടത്തിന്റെ പ്രധാന ആശയം മനുഷ്യർക്കാണ് എഐയേക്കാൾ മുൻഗണന എന്നതാണ്. മനുഷ്യർ തിരുത്തുകയോ ഇടപെടുകയോ പ്രവർത്തനം നിർത്തിവയ്ക്കുകയോ ചെയ്താൽ എഐ സംവിധാനങ്ങൾ അതിനെ എതിർക്കാൻ പാടില്ലെന്ന് കരടിൽ വ്യക്തമാക്കുന്നു. എഐ മാതൃകകൾക്ക് നിയമപരമായ അവകാശങ്ങളോ ക്ഷേമവുമായി ബന്ധപ്പെട്ട പ്രത്യേക അവകാശങ്ങളോ നൽകേണ്ടതില്ലെന്നും മൈക്രോസോഫ്റ്റ് നിലപാടെടുക്കുന്നു. നിലവിലെ എഐ സംവിധാനങ്ങളെ ബോധമുള്ള ജീവികളായി കമ്പനി കണക്കാക്കുന്നില്ലെന്നും രേഖ വ്യക്തമാക്കുന്നു. സ്വന്തം നിയന്ത്രണങ്ങളെ മറികടക്കുന്ന തരത്തിൽ അതിശക്തമായ കൃത്രിമ ബുദ്ധി വികസിപ്പിക്കാനുള്ള മത്സരത്തിൽ മൈക്രോസോഫ്റ്റ് ഏർപ്പെടുന്നില്ലെന്നും സുലൈമാൻ വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button