‘കർത്തയുടെ ഡയറിയിൽ പേരുള്ളവർ തന്നെ അന്വേഷണത്തിന് ഉത്തരവിടുന്നു’: വി ശിവൻകുട്ടി

സിഎംആർഎൽ- എക്സാലോജിക് കേസ് അന്വേഷണത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് വി ശിവൻകുട്ടി. ഇ ഡി അന്വേഷിച്ചിട്ട് ഒന്നും കിട്ടാത്തതിനാൽ ആണ് ഡിജിപിക്ക് കത്ത് നൽകിയതെന്ന് വി ശിവൻകുട്ടി കൂട്ടിച്ചേർത്തു,
തീരുമാനം എടുക്കേണ്ടവർ തന്നെ കുറ്റക്കാരാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആഭ്യന്തര മന്ത്രി ആത്മപരിശോധന നടത്തണം. കർത്തയുടെ ഡയറിയിൽ പേര് ഉള്ളവർ തന്നെ അന്വേഷണത്തിന് ഉത്തരവ് ഇടുന്ന സ്ഥിതിയാണുള്ളതെന്നും ശിവൻകുട്ടി വ്യക്തമാക്കി.എജിയുടെ നിയമോപദേശം രമേശ് ചെന്നിത്തലക്കും ബാധകമാണ്. ചെന്നിത്തലയുടെ പേരും ശശിധരൻ കർത്തയുടെ ഡയറിയിൽ ഉണ്ട്. നിയമപരമായും രാഷ്ട്രീയമായും ഈ വിഷയത്തെ നേരിടുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
സിഎംആർഎൽ-എക്സാലോജിക് കേസിൽ യുഡിഎഫിനെ രൂക്ഷമായി വിമർശിച്ച് എ കെ ബാലനും രംഗത്ത് വന്നു. എക്സാലോജിക് കേസിൽ എഫ് ഐ ആർ ഇട്ടാൽ കുടുങ്ങുക മന്ത്രി രമേശ് ചെന്നിത്തലയും കൂട്ടരും ആയിരിക്കുമെന്ന് എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ആര് വിചാരിച്ചാലും പിണാറിയേയും കുടുംബത്തെയും തകർക്കാനാകില്ലെന്നും പിണറായി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമെന്നും എ കെ ബാലൻ വ്യക്തമാക്കി.




