ഡൽഹിയിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; നാല് പേർ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്തവരുൾപ്പെടെ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അഴുകിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ചിരുന്നു.പെൺകുട്ടിയും പ്രതികളും പരിചയക്കാരായിരുന്നു. സംഭവം നടക്കുന്ന ദിവസം ഇവർ പെൺകുട്ടിയോടൊപ്പം യാത്ര ചെയ്യുകയും മദ്യപിക്കുകയും ചെയ്തു. ഇതിനുശേഷമാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.
പെൺകുട്ടി മുമ്പും വീട്ടിൽ നിന്ന് മാറിനിന്നിരുന്നതിനാൽ കുടുംബം പരാതി നൽകിയിരുന്നില്ല. സെപ്റ്റംബർ 13-ന് കുഷക് റോഡിലുള്ള ജയ്പാൽ റാണയുടെ വയലിന് സമീപത്തുനിന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ദൃക്സാക്ഷികളോ പ്രതികളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളോ ഇല്ലാതിരുന്ന കേസിൽ 50-ലധികം സിസിടിവി കാമറളാണ് പൊലിസ് പരിശോധിച്ചത്. ഇരുട്ടിൽ നമ്പര്‍ വ്യക്തമല്ലാതിരുന്ന ഒരു വാഹനം സംഭവസ്ഥലത്തിന് സമീപം സംശയകരമായ സാഹചര്യത്തിൽ നീങ്ങുന്നത് പൊലിസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം കണ്ടെത്തുകയും ഡ്രൈവറെ ചോദ്യം ചെയ്യുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതി ശിവം എന്ന യുവാവിനെയും പ്രായപൂർത്തിയാകാത്ത മറ്റ് മൂന്ന് പേരും പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.




