Uncategorized

ഭർതൃവീട്ടിൽ 33കാരി മരിച്ച നിലയിൽ, സ്ത്രീധന പീഡനമെന്ന് കുടുംബം; ഭർതൃപിതാവിന്‍റെ ഓഡിറ്റോറിയം അടിച്ചുതകർത്ത് ബന്ധുക്കൾ

പൂണെ: മഹാരാഷ്ട്രിയിൽ പൂണെയിൽ മുപ്പത്തിമൂന്നുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പായൽ അക്ഷയ് സാംബ്രെയെ ആണ് മുകുന്ദ് നഗറിലുള്ള ഭർത്താവിന്‍റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഖേദ് ശിവപുരിലെ ‘നക്ഷത്ര പാലസ്’ ഉടമകളുടെ മകളാണ് പായൽ. രാവിലെ 11 മണിയോടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോഴാണ് തെക്കൻ പൂണെയിൽ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള ‘സാംബ്രെ പാലസ്’ ഓഡിറ്റോറിയത്തിന് പിന്നിലെ വീട്ടിൽ പായലിന്റെ മൃതദേഹം കണ്ടത്.

സംഭവത്തിന് പിന്നാലെ യുവതിയുടെ ബന്ധുക്കൾ ഭർത്താവിന്‍റെ പിതാവിന്‍റെ പേരിലുള്ള കല്യാണ മണ്ഡപം അടിച്ചു തകർത്തു. യുവതിയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ സ്ഥലത്ത് തടിച്ചുകൂടിയ ബന്ധുക്കൾ ഓഡിറ്റോറിയം അടിച്ചുതകർക്കുകയായിരുന്നു. തെക്കൻ പൂനെയിലുള്ള, വിവാഹങ്ങൾക്കും മറ്റ് പരിപാടികൾക്കും ഉപയോഗിക്കുന്ന പ്രശസ്തമായ ഓഡിറ്റോറിയമാണ് ഇത്. ആറു വർഷം മുമ്പാണ് പായൽ വിവാഹിതയാകുന്നത്. വളരെ വിപുലമായ രീതിയിലായിരുന്നു പായലിന്റെ വിവാഹം നടത്തിയിരുന്നത്. ഇവർക്ക് നാലു വയസ്സുള്ള മകളുണ്ട്.

ഭർതൃവീട്ടുകാർ പായലിനോട് നിരന്തരം സ്വർണം ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ പായലിന്റെ ഭർത്താവും ഭർതൃവീട്ടുകാരും ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. ഇവരെ കണ്ടെത്താനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തുടർസംഘർഷങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പാക്കാനുമായി പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button