സിവിൽ സർവീസ് ഉപേക്ഷിച്ച് മുൻ ഐടിഎസ് ഉദ്യോഗസ്ഥൻ; സിസ്റ്റത്തിൽ വിവേചനവും വീർപ്പുമുട്ടലും, ഒപ്പം മത്സരാത്ഥികൾക്ക് മുന്നറിയിപ്പും

ഉയർന്ന പദവിയും സുരക്ഷിതത്വവും ഉറപ്പുനൽകുന്ന സർക്കാർ ജോലി ഉപേക്ഷിച്ച് സ്വകാര്യ മേഖലയിലേക്ക് മടങ്ങിയ കാരണം തുറന്ന് പറഞ്ഞ് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ. ഐ.ഐ.ടി മദ്രാസ് പൂർവ്വ വിദ്യാർത്ഥിയും സിവിൽ സർവീസ് പരീക്ഷ പാസ്സായി ഇന്ത്യൻ ട്രേഡ് സർവീസിൽ (ITS) പ്രവേശിക്കുകയും ചെയ്ത ഭരണി വി എൽ ആണ് സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ബ്യൂറോക്രസിയിലെ വിവേചനവും സിസ്റ്റത്തിലെ പോരായ്മകളും തുറന്നുകാട്ടി രംഗത്തെത്തിയത്.
ഒരേ പരീക്ഷ, പക്ഷേ…
ഒരേ പരീക്ഷയെഴുതി തുല്യ കഠിനാധ്വാനത്തിലൂടെ കടന്നുവരുന്ന രണ്ടുപേർ, അവർക്ക് ലഭിക്കുന്ന സർവീസ് കേഡറിന്റെ അടിസ്ഥാനത്തിൽ തികച്ചും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ‘എലൈറ്റ്’ സർവീസുകളും മറ്റ് സർവീസുകളും തമ്മിൽ വലിയ അസമത്വമുണ്ടെന്നും ഇത് കേവലം പദവിയുടെയോ ആനുകൂല്യങ്ങളുടെയോ മാത്രം വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ അവസരങ്ങൾ, ജോലി ചെയ്യുന്ന അന്തരീക്ഷം, സ്ഥാപനപരമായ പദവി, ജീവിതനിലവാരം എന്നിവയിലെല്ലാം വലിയ വ്യത്യാസങ്ങളാണുള്ളത്.




