Uncategorized

ബിജെപി ഭരണകാലത്ത് രാജ്യത്ത് ജീവനൊടുക്കിയത് ഒന്നര ലക്ഷത്തോളം കർഷകർ: കർഷകസംഘം ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൃഷ്ണൻ

ബിജെപി സർക്കാർ രാജ്യത്ത് അധികാരത്തിൽ വന്നതിനുശേഷം കഴിഞ്ഞ 12 വർഷത്തിനിടയിൽ യുദ്ധത്തിൽ മരണപ്പെടുന്നതിനേക്കാൾ അധികം കർഷകരും കർഷകത്തൊഴിലാളികളും കുടിയേറ്റക്കാരും ജീവനൊടുക്കിയതായി കർഷകസംഘം ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൃഷ്ണൻ. ആലപ്പുഴയിൽ കേരള കർഷക സംഘം 28-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങളാണ് ഈ ദാരുണാവസ്ഥയ്ക്ക് കാര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് ഒരു ലക്ഷത്തി അമ്പതിനായിരം കർഷകരാണ് ഈ കാലയളവിൽ ജീവനൊടുക്കിയത്. ഔദ്യോഗിക കണക്കുകളിൽ പെടാതെ പത്തുലക്ഷത്തോളം കർഷകരും കർഷകത്തൊഴിലാളികളും കുടിയേറ്റക്കാരുമടക്കം ജീവനൊടുക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണിയാൽ ഒടുങ്ങാത്ത സമരങ്ങൾ നടത്തിയാണ് കർഷക സമൂഹം ഇതുവരെ മുന്നോട്ടു വന്നിട്ടുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി രാവിലെ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപശിഖ പ്രയാണം നടന്നു. പ്രതിനിധി സമ്മേളന നഗരിയായ കാമിലോട്ട് കൺവൻഷൻ സെന്ററിൽ എത്തിയ ദീപശിഖ കർഷകസംഘം ദേശീയ നേതാവ് ഇ പി ജയരാജൻ സമ്മേളന നഗറിൽ സ്ഥാപിച്ചു. തുടർന്ന് കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ ആർ നാസർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

ഡോ. അശോക് ധാവ്ലെ, ഇ പി ജയരാജൻ, പി കൃഷ്ണപ്രസാദ്, എസ് കെ ശ്രീജ തുടങ്ങി നിരവധി പ്രമുഖ ദേശീയ-സംസ്ഥാന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ മാസം 20ന് വൈകിട്ട് ആലപ്പുഴ നഗരത്തിലെ വി എസ് അച്യുതാനന്ദൻ നഗറിൽ അരലക്ഷം പേർ അണിനിരക്കുന്ന ബഹുജന റാലിയോടെയും, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തോടെയും മൂന്ന് ദിവസത്തെ സംസ്ഥാന സമ്മേളനം സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button