റിപ്പോർട്ടർ ടിവിയിൽ നടന്നത് കേരളം അപൂർവമായി മാത്രം സാക്ഷ്യം വഹിക്കുന്ന മാധ്യമ വേട്ട; സിപിഐഎം

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയിലെ പൊലീസ് അതിക്രമം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐഎം. സര്‍ക്കാരിനെതിരായി വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെ പേടിപ്പിച്ച് വരുതിയില്‍ നിര്‍ത്താനാണ് വി ഡി സതീശന്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തത് ഗൗരവകരമാണ്. ലാത്തിയുമായി പൊലീസുകാര്‍ക്ക് ന്യൂസ് ഡെസ്‌കില്‍ എന്താണ് കാര്യമെന്ന് സര്‍ക്കാര്‍ മറുപടി പറയണം. മുഖ്യമന്ത്രിക്കെതിരെയുള്ള മാധ്യമ വാര്‍ത്തകളും, സോഷ്യല്‍ മീഡിയാ വീഡിയോകളും വ്യാപകമായി പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്തതിന് പിന്നാലെയാണ് വാര്‍ത്തകളെ തന്നെ വരുതിയില്‍ നിര്‍ത്താനുള്ള ഈ നീക്കം. എല്ലാ നടപടി ക്രമങ്ങളും കാറ്റില്‍പ്പറത്തി പൊലീസ് നടത്തിയ മാധ്യമ വേട്ടയ്ക്കെതിരെ പ്രബുദ്ധ കേരളം രംഗത്തെത്തുമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഈ വിഷയത്തില്‍ മറുപടി പറയാന്‍ തയ്യാറാവണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
കേരളം അപൂര്‍വമായി മാത്രം സാക്ഷ്യം വഹിക്കുന്ന മാധ്യമ വേട്ടയാണ് ഇന്ന് രാവിലെ നടന്നത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശത്തിലാണ് ഈ നടപടികളെന്ന് അദ്ദേഹത്തിന്റെ ന്യായീകരണത്തിലൂടെ വ്യക്തമായി. കേരളം കണ്മുന്നില്‍ കണ്ട ദൃശ്യങ്ങളെക്കുറിച്ചാണ് അദ്ദേഹം പച്ചക്കള്ളം പറയുന്നത്.
യുഡിഎഫ്-ബിജെപി പക്ഷത്ത് പൂര്‍ണമായും നിലയുറപ്പിക്കാത്ത മാധ്യമങ്ങളെ വേട്ടയാടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ന് റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെയാണ് നീക്കമെങ്കില്‍, നാളെ അപ്രിയമായ വാര്‍ത്ത നല്‍കിയ ഓരോ മാധ്യമങ്ങള്‍ക്ക് നേരെയും ഈ നടപടി വരാം. ഇത് ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ്. ഈ മാധ്യമ വേട്ടയ്ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സിപിഐഎം വ്യക്തമാക്കി.



