ഭർതൃവീട്ടിലേക്ക് തിരികെ പോകാൻ വിസമ്മതിച്ചു; ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ചു, യുവാവ് ഒളിവിൽ

ഹൈദരാബാദ്: തെലുങ്കാനയിലെ മഞ്ചേരിയൽ ജില്ലയിൽ ഭർതൃവീട്ടിലേക്ക് തിരികെ പോകാൻ വിസമ്മതിച്ച ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ചു. മണിചന്ദർ എന്ന യുവാവാണ് ഭാര്യ മമതയുടെ മൂക്ക് കടിച്ച് മുറിച്ചത്. തടയാൻ ശ്രമിച്ച യുവതിയുടെ പിതാവിനെയും പ്രതി വടിയുപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചുദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് പത്ത് ദിവസം മുമ്പ് മണിചന്ദറുമായി വഴക്കിട്ട മമത ഭർതൃവീട് വിട്ട് സ്വന്തം മാതാപിതാക്കളുടെ വീട്ടിൽ വന്നു താമസിക്കുകയായിരുന്നു. മമതയോട് നിരന്തരം ഭർതൃവീട്ടിലേക്ക് തിരികെ വരാൻ മണിചന്ദർ ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചിരുന്നു.
തിങ്കളാഴ്ച മമതയുടെ വീട്ടിലെത്തിയ മണിചന്ദർ യുവതിയുടെ പിതാവായ നാരായണനുമായി വഴക്കുണ്ടാക്കുകയും വടിയുപയോഗിച്ച് നാരായണന്റെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. പിതാവിനെ രക്ഷിക്കാൻ മമത ഓടിയെത്തിയപ്പോഴാണ് മണിചന്ദർ മമതയെ മർദിക്കുകയും മുഖത്തേക്ക് ചാടിവീണ് മൂക്ക് ശക്തിയായി കടിച്ച് മുറിക്കുകയുമായിരുന്നു. ആക്രമണത്തിൽ മൂക്കിന്റെ ഒരു ഭാഗം പൂർണമായി അറ്റുപോവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് മമതയെ ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിൽ കേസെടുത്ത പൊലിസ് ഒളിവിൽ പോയ പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്




