Uncategorized

മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; രണ്ട് കുക്കി സ്ത്രീകൾക്ക് ദാരുണാന്ത്യം

ഇംഫാല്‍: മണിപ്പൂരിലെ താമെങ്‌ലോങ് ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. ലെയ്സാങ് ഗ്രാമവാസികളായ ചോംഗ സിറ്റ്ലോ (60), കിംബോയ് സിങ്സണ്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ജിരിബാം-താമെങ്‌ലോങ് അതിര്‍ത്തിയിലെ ലെസാങ് കുക്കി ഗ്രാമത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ആക്രമണത്തില്‍ നിരവധി ഫാം ഹൗസുകള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്

ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് കൃഷിയിടത്തില്‍ വിറക് ശേഖരിക്കുന്നതിനിടെയാണ് ചോംഗ സിറ്റ്ലോയ്ക്ക് നേരെ വെടിവയ്പ്പുണ്ടായത്. നഴ്‌സിംങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം കൃഷിപ്പണിയില്‍ മാതാപിതാക്കളെ സഹായിക്കാനായി നാട്ടിലെത്തിയ കിംബോയ് സിങ്സണും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമണ സമയത്ത് ഒപ്പമുണ്ടായിരുന്ന മറ്റു ചില ഗ്രാമവാസികളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. അവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

താമെങ്‌ലോങ് ജില്ലയിലെ ടോല്ലെന്‍ ഗ്രാമത്തിലും നോണി ജില്ലയിലെ ലോങ്പി ഗ്രാമത്തിലുമായി നാല് ഗോത്രവര്‍ഗ്ഗക്കാര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ലെയ്സാമില്‍ പുതിയ അക്രമണം ഉണ്ടായത്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഈ ആക്രമണങ്ങള്‍ പ്രദേശത്തെ ഗോത്രവിഭാഗ ജനങ്ങളില്‍ കടുത്ത ആശങ്കയും ഭീതിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൃഷിയിടങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുക്കി-സോ സിവില്‍ സൊസൈറ്റി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി യുമ്‌നം ഖേംചന്ദ് സിംഗ് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും മണിപ്പൂരിലെ അക്രമം തുടരുകയാണ്. സംഘര്‍ഷഭരിതമായ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി, സിംഗ് കഴിഞ്ഞ മാസങ്ങളില്‍ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കുകയും കുക്കി-സോ, നാഗ വിഭാഗങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം, നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍സിആര്‍) പുതുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരോട്, പൊതുജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button