Uncategorized

ഉമര്‍ ഖാലിദിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം മാറ്റിവെച്ചു; നടപടി എബിവിപി പരാതിക്ക് പിന്നാലെ

ബെംഗളുരു: ബെംഗളുരു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി(എന്‍എല്‍എസ്‌ഐയു)യിൽ നിശ്ചയിച്ചിരുന്ന ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം മാറ്റിവെച്ചു. പ്രദര്‍ശനത്തിന് എതിരെ എബിവിപി പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. എന്‍എല്‍എസ്‌ഐയുവിന്റെ തീരുമാനത്തിനെതിരെ കേന്ദ്രമന്ത്രിമാര്‍ക്കും എബിവിപി പരാതി നല്‍കിയിട്ടുണ്ട്. അമിത് ഷാ, പ്രഹ്ലാദ് ജോഷി, അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവര്‍ക്കാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയത്. അതേസമയം സുരക്ഷാകാരണങ്ങളും ഭരണപരമായ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് സംഘാടകര്‍ പ്രദര്‍ശനം മാറ്റിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. പൊതുജന രോക്ഷം തണുപ്പിക്കാന്‍ വേണ്ടി മാത്രമുള്ള തന്ത്രമാണ് ഈ കാലതാമസമെന്നും പ്രദര്‍ശനം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്നും എബിവിപി ആരോപിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡോക്യുമെന്ററി പ്രദര്‍ശനം നിശ്ചയിച്ചിരുന്നത്. പ്രദര്‍ശനത്തിന് അനുമതി നല്‍കിയതില്‍ വിശദീകരണം തേടണമെന്നാണ് എബിവിപിയുടെ ആവശ്യം. എന്‍എല്‍എസ്‌ഐയു രജിസ്റ്റാറിന്റെ നടപടികള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദര്‍ശനം നടത്തരുതെന്ന് ആവശ്യപ്പെട്ട് എന്‍എല്‍എസ്‌ഐയു അധികൃതരെയും എബിവിപി സമീപിച്ചിരുന്നു. കാമ്പസിനുള്ളില്‍ ഡോക്യുമെന്ററി ചിത്രീകരിക്കാനോ പ്രദര്‍ശിപ്പിക്കാനോ പ്രോത്സാഹിപ്പിക്കാനോ നല്‍കിയിട്ടുള്ള എല്ലാ അനുമതികളും ശാശ്വതമായി റദ്ദാക്കാന്‍ എന്‍എല്‍എസ്‌ഐയു മാനേജ്‌മെന്റിന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്നും എബിവിപി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ ഔദ്യോഗിക പരാതികള്‍ അവഗണിച്ചാണ് പരിപാടിക്ക് അനുമതി നല്‍കിയതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സര്‍വകലാശാല ഭരണസമിതിയെ കുറിച്ചും സംഘാടക സമിതിയെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു.

2016ലെ ജെഎന്‍യു പ്രതിഷേധങ്ങള്‍, അഫ്‌സല്‍ ഗുരു അനുസ്മരണം, സിഎഎ – എന്‍ആര്‍സി പ്രതിഷേധങ്ങള്‍, ഡല്‍ഹി കലാപങ്ങള്‍ എന്നിവയിലെ മുദ്രാവാക്യങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഖാലിദിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാദവും എബിവിപി ഉന്നയിച്ചു. വിദ്യാഭ്യാസ ക്യാമ്പസുകള്‍ രാഷ്ട്രീയ പ്രചാരണത്തേക്കാള്‍ പഠനത്തിലും ദേശീയ സമഗ്രതയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എബിവിപി പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയാണ് മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button