സിജെപി സമരത്തിനിടെ ആക്രമണം: തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: സിജെപി സമരത്തിനിടെ വിദ്യാർഥിനിയുടെ അച്ഛനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന കേസിൽ തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് ഇടക്കാല ജാമ്യം. ഡൽഹിയിലെ കോടതിയാണ് പ്രതിക്ക് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. സിജെപി പ്രതിഷേധത്തെത്തുടർന്ന് സെപ്റ്റംബർ അഞ്ചിനാണ് ഡൽഹി പൊലീസ് സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു.
ഡൽഹി പൊലീസിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും സമരത്തിനിടെ വിദ്യാർഥിനിയുടെ പിതാവാണ് ഭരദ്വാജിനെ ആദ്യം ആക്രമിച്ചതെന്നുമായിരുന്നു ഇയാളുടെ അഭിഭാഷകന്റെ വാദം. പരാതിക്കാരൻ ആദ്യം മർദിക്കുന്നതിന് വീഡിയോ തെളിവുകളുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. പ്രതിക്കെതിരേ എസ്.സി/എസ്.ടി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയത് രാഷ്ട്രീയപ്രേരിതമാണ്. സംഭവത്തിൽ നേരത്തേ കേസെടുത്തപ്പോൾ പൊലീസ് ജൂൺ 29-ന് മുൻപ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഇതനുസരിച്ച് ഭരദ്വാജ് ചോദ്യംചെയ്യലിന് ഹാജരാവുകയും പൊലീസ് ഇയാളെ വിട്ടയക്കുകയുംചെയ്തു. എന്നാൽ, പിന്നീട് വിഷയം രാഷ്ട്രീയവിവാദമായതോടെ പൊലീസ് വീണ്ടും പ്രതിയെ അറസ്റ്റ് ചെയ്ത് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷയെ പരാതിക്കാരന്റെ അഭിഭാഷകൻ എതിർത്തു. പ്രതി പരാതിക്കാരനെതിരേ ജാതീയ അധിക്ഷേപം നടത്തിയെന്നും പരാതിക്കാരനെ മർദിച്ചതായി പ്രതി ഒരു വീഡിയോ അഭിമുഖത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചു. ആദ്യത്തെ പരാതിയിൽ ജാതീയ അധിക്ഷേപം നടത്തിയെന്ന് പറഞ്ഞിട്ടില്ലായിരുന്നു എന്നാണ് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചത്. പിന്നീട് നൽകിയ മൊഴിയനുസരിച്ചാണ് പുതിയ വകുപ്പുകൾ ചേർത്തതെന്നും പൊലീസ് പറഞ്ഞു




