Uncategorized

തെറ്റ് തിരുത്തലിലേക്ക് പാര്‍ട്ടി പോകും; ഇ ഡിക്കെതിരെ അതിശക്തമായ പ്രചാരണം നടക്കും: എം വി ഗോവിന്ദന്‍

കോഴിക്കോട്: എല്ലാ അര്‍ത്ഥത്തിലുമുള്ള തെറ്റ് തിരുത്തലിലേക്ക് പാര്‍ട്ടി പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. താനുള്‍പ്പെടെയുള്ളവര്‍ക്ക് പറ്റിയ തെറ്റ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് എം വി ഗോവിന്ദന്‍ ഇക്കാര്യം വിശദീകരിച്ചത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കള്ളപ്രചാരണം നടത്തുകയാണെന്നും അതിശക്തമായ പ്രചാരണം ഇ ഡിക്കെതിരെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതിനെ പ്രതിരോധിച്ച് പ്രതികൂല സാഹചര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. പാര്‍ട്ടിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ കൊണ്ടുവന്ന വാര്‍ത്തകള്‍ മുമ്പും ആവിയായി പോയത് നാം കണ്ടതാണ്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകര്‍ക്കെതിരെയും ഇ ഡി നീങ്ങുന്നു. എസ്എഫ്‌ഐ നേതാക്കളെയും പ്രവര്‍ത്തകരെയും പോലും ലക്ഷ്യം വെക്കുന്നു. എന്തും ചെയ്യാനുള്ള അവകാശമുള്ളതുപോലെയാണ് നീക്കം എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

മൂന്ന് മാസം കൂടുമ്പോള്‍ താഴെത്തട്ടില്‍ പരിശോധന നടത്തുമെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. ആറുമാസക്കാലത്തെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യും. സംസ്ഥാന കമ്മിറ്റി തന്നെ പ്ലാന്‍ ചെയ്താണ് കാര്യങ്ങള്‍ ചെയ്യുക. ടി പി രാമകൃഷ്ണന്‍, ടി എം തോമസ് ഐസക് എന്നിവരെ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കി. സംസ്ഥാന സെന്ററിന്റെ ഭാഗമായി അവര്‍ ഉണ്ടാകും. പകരം പി ജയരാജന്‍, എം ബി രാജേഷ്, വി ശിവന്‍കുട്ടി എന്നിവരെ ഉള്‍പ്പെടുത്തി. ജോണ്‍ ബ്രിട്ടാസ് സംസ്ഥാന സെന്ററിന്റെ ഭാഗമാകും. സൂസന്‍ കോടിയെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആദര്‍ശ് എം സജി, ജെയ്ക് സി തോമസ്, എം വിജിന്‍, പി എസ് സഞ്ജീവ്, എം ശിവപ്രസാദ്, സുബൈദ ഇസ്ഹാഖ്, ഒ എസ് അംബിക, എന്‍ സുകന്യ, പ്രഭാവര്‍മ്മ എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ സ്ഥിരക്ഷണിതാക്കളാക്കി. പുതിയ തലമുറത്തെ പ്രാധാന്യത്തോട് കൂടി പാര്‍ട്ടിയെ സജീവമായി പരിശീലിപ്പിക്കേണ്ടതുണ്ടെന്ന് എം വി ഗോവിന്‍ പറഞ്ഞു.

വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കും. ത്രിപുരയിലെ ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെ അട്ടിമറിച്ച ശേഷം അടുത്ത ഉന്നം കേരളം ആണെന്നാണ് ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ പറഞ്ഞത്. പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടം എന്നാണ് കേരളത്തെക്കുറിച്ച് അവര്‍ പറയുന്നത്. ഭൂരിപക്ഷ വര്‍ഗീയതയും അതിന് വളം വെക്കുന്ന ന്യൂനപക്ഷ വര്‍ഗീയതയും എതിര്‍ക്കും. കേരളത്തില്‍ ഇലക്ട്രിസിറ്റി കിട്ടാക്കനിയായി. കഴിഞ്ഞ പത്ത് വര്‍ഷം പവര്‍ക്കട്ടോ ലോഡ്‌ഷെഡിങ്ങോ ഉണ്ടായിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാകും മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പല്ലവി ആവര്‍ത്തിക്കുന്നു. ജനം പ്രയാസപ്പെടുകയാണ്. കേന്ദ്രത്തിനെതിരായി ഒന്നും പറയാനില്ലാതെ അതിനൊപ്പം ചേര്‍ന്ന് ബിജെപി സര്‍ക്കാരിനെ പോലെയാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ ജനകീയ പോരാട്ടങ്ങളും സമരവും സംഘടിപ്പിക്കും. മൂന്ന് പ്രമേയങ്ങളിലൂടെ ഇത് തീരുമാനിച്ചുവെന്നും പാര്‍ട്ടി സെക്രട്ടറി വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button