വയോധിക കൊല്ലപ്പെട്ട നിലയിൽ; ചെറുമകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ചെറുമകൻ വയോധികയെ കൊലപ്പെടുത്തി. തിരുവനന്തപുരം ചാന്നാങ്കരയിൽ നടന്ന സംഭവത്തിൽ ചാന്നാങ്കര സ്വദേശി മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. മെഴ്സിയും ഷിബിനും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് സമീപവാസികൾ പൊലിസിൽ മൊഴി നൽകി. ഇന്ന് രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ഷിബിൻ മെഴ്സിയുടെ കഴുത്തറക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഷിബിനെ കഠിനംകുളത്ത് വെച്ച് പൊലിസ് പിടികൂടുകയായിരുന്നു. മെഴ്സി മത്സ്യക്കച്ചവടം നടത്തി വരികയായിരുന്നു. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.




