പൊലീസ് സ്റ്റേഷനില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സംഭവം; പൊലീസുകാരന് പങ്കെന്ന് സൂചന

വയനാട്: സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ചത് പൊലീസുകാരന്‍ തന്നെയെന്ന് സൂചന. തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയിലയാണ് മോഷ്ടിച്ചത്. സ്റ്റേഷനില്‍ നിന്ന് ലഹരിവസ്തുക്കള്‍ കാറില്‍ കടത്തിയ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മോഷ്ടിച്ച പുകയില വസ്തുക്കള്‍ ലഹരി കടത്തുകാര്‍ക്ക് വില്‍പ്പന നടത്തിയെന്നും സംശയിക്കുന്നു. തൊണ്ടിമുതല്‍ കടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.13,800 പാക്കറ്റ് ഹാന്‍സും കൂള്‍ലിപ്പുമാണ് സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ നിന്ന് കാണാതായത്. സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലേക്ക് ഒരു കാര്‍ കടന്നു വരുന്നതും അതിലേക്ക് ലഹരിചാക്ക് എടുത്തുവക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍തോതിലുള്ള ലഹരിവേട്ട നടന്നത്. അന്ന് പിടിച്ചെടുത്ത പുകയില വസ്തുക്കള്‍ പൊലീസ് സ്റ്റേഷനിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
സെപ്റ്റംബര്‍ എട്ടിനാണ് ലഹരിവസ്തുക്കള്‍ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഒളിവിലാണ്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഉടന്‍ തന്നെ ഇയാളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.




