Uncategorized

തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ട; അത്തരക്കാരോട് സഹതാപം മാത്രം: പിണറായി വിജയന്‍

കണ്ണൂര്‍: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്‍ഡിഎഫിനെയും സിപിഐഎമ്മിനെയും തകര്‍ക്കാന്‍ നില്‍ക്കുന്നവരോട് സഹതാപം മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിക്കാറില്ല. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിന് മുമ്പും പിന്‍പും പലതരത്തില്‍ കടന്നാക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ ഞാനെന്ന വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും പ്രസ്ഥാനത്തിന് നേരെയുള്ളതാണെന്ന തിരച്ചറിവാണ് ഉണ്ടായിരുന്നത്. ആ തിരിച്ചറിവോടെയാണ് അതിന് പ്രതിരോധിക്കാന്‍ തയ്യാറായത്. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ ഒരു ഘട്ടത്തിലും അത്തരം കടന്നാക്രമങ്ങള്‍ക്ക് വിജയിക്കാനായിട്ടില്ല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും വിജയിച്ചിട്ടില്ല. പ്രസ്ഥാനത്തെ തളര്‍ക്കാനും തകര്‍ക്കാനും ആകുമോയെന്നാണ് ശ്രമിച്ചത്. തെല്ലും തളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലായെന്നത് ചരിത്രത്തിന്റെ ഭാഗമാണെ’ന്നും പിണറായി വിജയന്‍ പറഞ്ഞു.

‘ഇനിയും ഈ പ്രസ്ഥാനത്തെ തകര്‍ത്തുകളയാമെന്ന ദുര്‍മോഹം ഉണ്ടെങ്കില്‍ സഹതാപം രേഖപ്പെടുത്താനെ കഴിയുകയുള്ളു. അതിജീവിച്ച് മുന്നോട്ട് പോകും. 2016ല്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ശക്തമായ ആക്രമണം സര്‍ക്കാര്‍ നേരിട്ടു. മുഖ്യമന്ത്രിയെന്ന നിലയില്‍ എനിക്കെതിരെയും ആക്രമണങ്ങള്‍ ഉണ്ടായി. പഴയകാലം ഓര്‍ത്താല്‍ മനുഷ്യത്വരഹിതമായ ആക്രമണമാണ് ഉയര്‍ന്നതെന്ന് ഓര്‍മ്മ വരുന്നു. കൊവിഡ് കാലത്ത് എല്ലാവരും ഒന്നിച്ചുനിന്ന മഹാമാരിയില്‍ തളരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കേണ്ട സമയത്ത് അതിനെപ്പോലും അട്ടിമറിക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഉണ്ടായി. ഡാറ്റാ ചോര്‍ത്തല്‍ ആരോപണവും ബിരിയാണി ചെമ്പിലെ സ്വര്‍ണം കടത്തല്‍ ആരോപണവും അതെല്ലാം എത്രഹീനമാണെന്ന് വ്യക്തമാക്കുന്നതാണ്. നിലവിലെ ആരോപണത്തില്‍ വിശദീകരിക്കാന്‍ തയ്യാറല്ല. ഒരു ആരോപണവും നിയമത്തിന് മുന്നില്‍ നിലനിന്നില്ല. ജനങ്ങള്‍ അതെല്ലാം ചവിട്ടികൂട്ടി ചവറ്റുകൂട്ടയില്‍ ഇട്ടു. അങ്ങനെയാണ് 2021ല്‍ ചരിത്രത്താദ്യമായി തുടര്‍ഭരണം ജനങ്ങള്‍ സമ്മാനിച്ചത്. അതോട് കൂടി ആക്രമണത്തിന്റെ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. എല്‍ഡിഎഫിനേയും സിപിഐഎമ്മിനെയും തീര്‍ത്തുകളയാമെന്ന നിലയില്‍ സംഘടിത ആക്രമണം ഉണ്ടായി. സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ത്തു’, എന്നും പിണറായി വിജയന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button