ഇടുക്കിയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ബസ് സ്റ്റാൻഡ് മാലിന്യകേന്ദ്രമായി മാറിയതായി പരാതി

ഇടുക്കി ഏലപ്പാറ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ബസ് സ്റ്റാൻഡ് മാലിന്യകേന്ദ്രമായും സാമൂഹ്യവിരുദ്ധരുടെ താവളമായും മാറിയതായി പരാതി. ബസ് സ്റ്റാൻഡ് സംരക്ഷിക്കാൻ ഏലപ്പാറ പഞ്ചായത്ത് ഫണ്ട് നിക്കി വെയ്ക്കുന്നില്ലെന്നും ആരോപണമുണ്ട്. പഞ്ചായത്ത് അധികൃതരും പൊലീസും ഇടപെട്ട് വെളിച്ചവും സുരക്ഷയും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലക്ഷങ്ങൾ മുടക്കി ബസ് സ്റ്റാൻഡ് നിർമ്മിച്ചെങ്കിലും ഇവ സംരക്ഷിക്കാൻ ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഫണ്ട് നീക്കി വയ്ക്കുന്നില്ല. ഇതോടെ കാത്തിരിപ്പ് കേന്ദ്രം മാലിന്യം തള്ളാനുള്ള ഇടമായി മാറി. മൂക്കുപൊത്താതെ പരിസരത്തുപോലും നിൽക്കാൻ കഴിയാത്ത അവസ്ഥ.
രാത്രിയാകുന്നതോടെ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മദ്യപാനികളുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം. ലഹരി ഉപയോഗങ്ങൾ പതിവായതോടെ വൈകുന്നേരങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള സാധാരണ യാത്രക്കാർക്ക് ഇവിടേക്ക് അടുക്കാൻ പോലും ഭയമാണെന്ന് ആളുകൾ പറയുന്നു.
പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ബസ് സ്റ്റാൻഡ് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വൃത്തിയാക്കാനും, പ്രദേശത്ത് ക്രമസമാധാനം ഉറപ്പുവരുത്താനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.




