നൂറടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപ്പെട്ടു; ഫയർ ഫോഴ്സ് പുറത്തെത്തിച്ചത് സാഹസികമായി

.
തിരുവനന്തപുരം: നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. പൂങ്കുളം വട്ടവിള വീട്ടിൽ കാസിമിനെയാണ് (56) ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ പുറത്തെത്തിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
110 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് കാസിം യാദൃശ്ചികമായി വീണത്. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം ആധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. റോപ്പിന്റെയും ഹാർനസിന്റെയും സഹായത്തോടെ ബിഎ സെറ്റ് ധരിച്ച് ഉദ്യോഗസ്ഥൻ കിണറ്റിലേക്ക് ഇറങ്ങുകയും നെറ്റിന്റെ സഹായത്തോടെ കാസിമിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു.
ചെറിയ പരിക്കുകളോടെ പുറത്തെടുത്ത അദ്ദേഹത്തെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കിണറ്റിൽ വെള്ളമുണ്ടായിരുന്നതാണ് അപകടമൊഴിവാക്കിയതെന്ന് ഫയർ ഫോഴ്സ് സംഘം പറഞ്ഞു.



