ട്രക്കും വാനും കൂട്ടിയിടിച്ചു; ആറുപേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിൽ ട്രക്കും വാനും കൂട്ടിയിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി എട്ടിന് നന്ദേഡ്-ഭോകർ റോഡിലെ സിതാഖണ്ഡി ഘട്ടിനു സമീപമുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റെന്നും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു.
നന്ദേഡിൽനിന്ന് ഭോക്കറിലേക്ക് പോവുകയായിരുന്ന വാൻ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായി തകർന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആറുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
മരിച്ചവരിൽ പാണ്ഡുരംഗ് വാഘ്മാരെ, ലക്ഷ്മീബായി വാഘ്മാരെ, സയ്യിദ് അൽതാമാഷ്, ഷെയ്ഖ് ഫിറോസ്, ബൽവാൻ പവാർ എന്നിവരെ തിരിച്ചറിഞ്ഞു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.




