ലക്ഷദ്വീപിലെ ഗവ. കോളേജുകളിലേക്കുള്ള വിവിധ കോഴ്സുകളിലെ അഡ്മിഷൻ മുടങ്ങി; അഡ്മിനിസ്ട്രേഷൻ്റെ അനാസ്ഥയെന്ന് പരാതി

കൊച്ചി: ലക്ഷദ്വീപിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷന് അനിശ്ചിതത്വത്തിലെന്ന് പരാതി. 2026-27 അധ്യയന വര്‍ഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷന് വൈകുന്നതിനാല്‍ കടുത്ത പ്രതിസന്ധിയിലാണ് വിദ്യാര്‍ത്ഥികള്‍. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേഷന്റെ അനാസ്ഥ മൂലമാണ് പ്രതിസന്ധി നേരിടുന്നതെന്നാണ് പരാതി. ലക്ഷദ്വീപിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ആരംഭിച്ച കോഴ്സുകളുടെ സര്‍വകലാശാല അഫിലിയേഷന് വിദ്യാഭ്യാസവകുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല. സര്‍വ്വകലാശാല അഫിലിയേഷന് പൂര്‍ത്തിയാകാത്ത കാരണത്താലാണ് അഡ്മിഷന് വൈകുന്നത്. പുതുതായി ഉള്‍പ്പെടുത്തിയ കോഴ്സുകള്‍ക്ക് സ്ഥിരമായി സര്‍വ്വകലാശാലയുടെ അഫിലിയേഷന് ലഭിച്ചിട്ടില്ല. പ്രൊഫഷണല്‍ അഫിലിയേഷന് മാത്രമാണ് ഈ കോഴ്സുകള്‍ക്ക് ഉള്ളത്. അധികൃതരുടെ അനാസ്ഥയാണ് കൃത്യസമയത്ത് അഫിലിയേഷന് ലഭിക്കാത്തതിന് കാരണമെന്നാണ് പരാതി. വിഷയം ഉന്നയിച്ച് ലക്ഷദ്വീപ് കോക്രോച്ച് ജനതാ പാര്‍ട്ടി രംഗത്തുവന്നിരുന്നു. അഡ്മിഷന് പ്രതിസന്ധി കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലാണെന്ന് ചൂണ്ടിക്കാട്ടി സിജെപി കോഡിനേറ്റര്‍ ലക്ഷദ്വീപ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്കി.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേഷന്റെ അനാസ്ഥയാണ് അഡ്മിഷന് മുടങ്ങാന്‍ കാരണമെന്ന് സിജെപി കോഡിനേറ്റര്‍ അബൂസലി സി എൻ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സര്‍വ്വകലാശാലയില്‍ അപേക്ഷിക്കാതിരുന്നതാണ് അഫിലിയേഷന് ലഭിക്കാത്തതിന് കാരണം. നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി പ്രകാരം നിശ്ചിത എണ്ണം അധ്യാപകര്‍ കോളേജുകളില്‍ വേണമെന്നതും പാലിക്കപ്പെടുന്നില്ല വിഷയം പരിഹരിക്കാന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററോ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറോ ഇടപെടുന്നില്ലെന്നാണ് പരാതി. കോളേജിലെ പ്രവേശനം, ഭരണനിര്‍വ്വഹണം, നിയമനം എന്നിവ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനാണ് കൈകാര്യം ചെയ്യുന്നത്. പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയുടെ അഫിലിയേഷനിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. മുമ്പ് കലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലായിരുന്നു.
കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ പോണ്ടിച്ചേരി സര്‍വ്വകലാശാലയിലേക്ക് മാറ്റിയത് മുതലാണ് പ്രതിസന്ധിയുടെ തുടക്കമെന്നാണ് സിജെപി കോഡിനേറ്റര്‍ പറയുന്നത്. സര്‍വകലാശാല മാറ്റിയത് മുതല്‍ കടുത്ത പ്രതിസന്ധിയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും നേരിടുന്നത്. മുന്നറിയിപ്പ് ഇല്ലാതെയാണ് പഴയ കോഴ്സുകള്‍ ഒഴിവാക്കി പുതിയ കോഴുസുകള്‍ തുടങ്ങിയത്. പുതിയ കോഴ്സുകള്‍ തുങ്ങിയെങ്കിലും അതിന്റെ അഡ്മിഷന് ഇതുവരെയും തുടങ്ങിയിട്ടില്ല. നിരവധി വിദ്യാര്‍ത്ഥികളാണ് അഡ്മിഷനായി കാത്തിരിക്കുന്നത്. ഇനിയും അഡ്മിഷന് വൈകിയാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ പ്രതികൂലമായി ബാധിക്കും. മറ്റ് കോളേജുകളില്‍ ഇതേ കോഴ്സുകള്‍ക്ക് അഡ്മിഷന് ആരംഭിച്ച് കഴിഞ്ഞിട്ടും ലക്ഷദ്വീപിലെ ഗവണ്മെന്റ് കോളേജുകളില്‍ പ്രതിസന്ധി തുടരുകയാണ്. അധ്യയന വര്‍ഷം തന്നെ നഷ്മാകുന്ന അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍.കൂടാതെ കാലാവധി കഴിഞ്ഞ അധ്യാപകരുടെ കോണ്‍ട്രാക്ട് പുതുക്കുന്ന നടപടികളും ബിരുദം പൂത്തിയായ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് നല്ക്കുന്നതും അനിശ്ചിതത്വത്തിലാണെന്നും സിജെപി കോഡിനേറ്റര്‍ വ്യക്തമാക്കി.




