നോയിഡയിലെ തൊഴിലാളി സമരത്തിന് പിന്തുണ: വിദ്യാർഥിനിയുടെ തടങ്കൽ റദ്ദാക്കി അലഹബാദ് ഹൈക്കോടതി, കളക്ടറടക്കം 5 ലക്ഷം രൂപ നഷ്ടപരിഹരം നൽകണം

നോയിഡയിലെ തൊഴിലാളി സമരത്തെ പിന്തുണച്ച വിദ്യാർഥിനി ആകൃതി ചൗധരിയെ ദേശസുരക്ഷാ നിയമം ചുമത്തി തടങ്കലിൽ വെച്ചതിന് കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് 5 ലക്ഷം രൂപ നഷ്ടപരിഹരം നൽകാൻ അലഹബാദ് ഹൈക്കോടതി വിധിച്ചു. തടങ്കൽ റദ്ദാക്കി കൊണ്ടുള്ള വിധിയിലാണ് ആകൃതി ചൗധരിക്ക് നഷ്ടപരിഹാരം വിധിച്ചത്. കരുതൽ തടങ്കലിന് അനുമതി നൽകിയത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകളും ഗൗതം ബുദ്ധ നഗർ കളക്ടറുമായി മേധ രൂപം ആണ്.
ഏപ്രിലിൽ നോയിഡയിലെ തൊഴിലാളികളുടെ പ്രതിഷേധത്തിനിടെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ചാണ് ദേശീയ സുരക്ഷാ നിയമപ്രകാരം ദില്ലി സർവകലാശാലയിലെ ചരിത്ര ബിരുദധാരിയും 25 കാരിയുമായ ആകൃതി ചൗധരിയെ തടങ്കലിലാക്കിയത്. അറസ്റ്റ് ചോദ്യം ചെയ്ത് ആകൃതി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി അനുവദിച്ചുകൊണ്ട്, ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, അചൽ സച്ച്ദേവ് എന്നിവരടങ്ങിയ ബെഞ്ച്, ഭരണകൂടം “കെട്ടിച്ചമച്ച” ഒരു കഥയെ അടിസ്ഥാനമാക്കിയാണ് തടങ്കൽ എന്ന് കണ്ടെത്തി.
പ്രതിഷേധക്കാരെ കല്ലെറിയാനോ വാഹനങ്ങൾക്ക് തീയിടാനോ ചൗധരി പ്രേരിപ്പിച്ചതായി വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ സംസ്ഥാനത്തോട് കോടതി ആവശ്യപ്പെട്ടു. വീഡിയോ ഹാജരാക്കാൻ സമയം തേടിയപ്പോൾ, യുവതി ഇതിനകം അഞ്ച് മാസം തടങ്കലിൽ കഴിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ബെഞ്ച് കൂടുതൽ സമയം നൽകാൻ വിസമ്മതിച്ചു. മറ്റേതെങ്കിലും കേസിൽ അറസ്റ്റ് ആവശ്യമില്ലെങ്കിൽ ഉടൻ തന്നെ യുവതിയെ വിട്ടയക്കണമെന്നും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് നോയിഡയിൽ 40,000-ത്തിലധികം ഫാക്ടറി തൊഴിലാളികൾ സമരം നടത്തിയത്.




