Uncategorized

മാതൃകയായി തിരുവനന്തപുരം നഗരസഭ, ശോഭായാത്രയ്ക്ക് പിന്നാലെ നഗരം വൃത്തിയാക്കി

.
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര കടന്നുപോയതിന് പിന്നാലെ തലസ്ഥാന നഗരിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഉടനടി നീക്കം ചെയ്ത് തിരുവനന്തപുരം നഗരസഭാ ശുചീകരണ വിഭാഗം. ആഘോഷങ്ങൾ അവസാനിച്ചയുടൻ തന്നെ പ്രധാന വീഥികളിൽ നിന്നും റോഡുകളിൽ നിന്നുമാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്.പാളയം മുതൽ കിഴക്കേകോട്ട വരെയുള്ള പ്രധാന ശോഭായാത്ര വഴികളിലും അനുബന്ധ റോഡുകളിലും രൂപപ്പെട്ട പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട വെള്ളക്കുപ്പികൾ, കടലാസുകൾ, പ്ലേറ്റുകൾ എന്നിവ പ്രത്യേക ശുചീകരണ സ്‌ക്വാഡുകൾ പ്രത്യേക വാഹനവുമായെത്തി വേഗത്തിൽ ശേഖരിച്ചു. ഏഴ് മണിയോടെ കിഴക്കേക്കോട്ടയിൽ ശോഭായാത്ര അവസാനിച്ചപ്പോഴേക്കും സ്റ്റാച്ച്യു -ആയുർവേദ കോളെജ് ഭാഗങ്ങളിൽ വരെ റോഡും പരിസരവും വൃത്തിയാക്കിക്കഴിഞ്ഞിരുന്നു.

ഒരു മണിക്കൂറോളം നീണ്ട യാത്ര കടന്നുപോയതോടെ കുട്ടികൾ കഴിച്ച ബിസ്കറ്റ് കവറുകൾ, വെള്ളം കുടിച്ച പ്ലാസ്റ്റിക് കുപ്പികൾ, അലങ്കാര വസ്തുക്കൾ, ഐസ്ക്രീം കവറുകൾ , ഭക്ഷണം പൊതിഞ്ഞെത്തിച്ച വാഴയില ഉൾപ്പടെ എംജി റോഡിൽ അവശേഷിച്ചിരുന്നു. ശേഖരിച്ച അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും പ്രത്യേകം തരംതിരിച്ച് പുനരുപയോഗ കേന്ദ്രങ്ങളിലേക്ക് മാറ്റും. ശോഭായാത്ര അവസാനിച്ചതിന് തൊട്ടുപിന്നാലെ തന്നെ ഗതാഗതതടസമില്ലാത്ത രീതിയിൽ റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ ശുചീകരണ വിഭാഗത്തിന് സാധിച്ചു. ജനലക്ഷങ്ങൾ പങ്കെടുത്ത വലിയ ആഘോഷത്തിന് ശേഷവും ചുരുങ്ങിയ സമയം കൊണ്ട് നഗരത്തിലെ ശുചിത്വം ഉറപ്പാക്കിയ നഗരസഭാ ജീവനക്കാരുടെ പ്രവർത്തനത്തിന് നഗരവാസികളിൽ നിന്ന് വലിയ പ്രശംസയാണ് ലഭിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button