മെസിയുടെ പേരിലെ തട്ടിപ്പ്; ‘വലവിരിച്ച്’ എസ്ഐടി

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിനെക്കുറിച്ച് എസ്ഐടി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഓൺലൈനായി യോഗം ചേർന്നു. അന്വേഷണത്തിന്റെ പരിധിയും പരിശോധിക്കേണ്ട വിഷയങ്ങളും ചർച്ചയായി. മുൻ കായികമന്ത്രി വി. അബ്ദുറഹ്മാന്റെ ഇടപെടലുകൾ, സ്പോൺസർക്ക് നിയമവിരുദ്ധമായി ലഭിച്ച ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ ഒമ്പത് വിഷയങ്ങളാണ് എസ്ഐടി പരിശോധിക്കുക. അഴിമതി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ നടന്നിട്ടുണ്ടാകുമെന്ന് ആഭ്യന്തര വകുപ്പിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
എഡിജിപി പി.വിജയന് പുറമെ ഐജി സതീഷ് ബിനോ, എസ്പി വിക്രം, ഡിവൈഎസ്പിമാരായ ഷൈജു, മാത്യു എന്നിവരും യോഗത്തിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും സൂചനയുണ്ട്. വിജിലൻസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ സംഘത്തിൽ ചേർക്കുന്നതിനുള്ള അധികാരം എഡിജിപി പി. വിജയന് നൽകിയിട്ടുണ്ട്.
പൂർണമായ അന്വേഷണ സംഘം രൂപീകരിച്ചശേഷം ഓരോ ഉദ്യോഗസ്ഥർക്കും പ്രത്യേകം ചുമതലകൾ നൽകും. കേസുമായി ബന്ധപ്പെട്ട സർക്കാർ രേഖകൾ ലഭ്യമാക്കുന്നതിനായി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകാനും യോഗത്തിൽ തീരുമാനമായി. കായിക വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും എസ്ഐടി പരിശോധിക്കും.



