മഹാരാഷ്ട്രയിലെ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗർ ആശുപത്രിയിൽ തീപിടിത്തം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തമുണ്ടായത്സംഭവം നടക്കുമ്പോൾ ഒമ്പത് നവജാത ശിശുക്കളടക്കം 58 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഐസിയുവിലുണ്ടായിരുന്ന കുഞ്ഞുങ്ങളെയടക്കം എല്ലാ രോഗികളെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
വിവരമറിഞ്ഞ് ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ആശുപത്രിയിലെ സ്റ്റോർറൂമിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 15 ആംബുലൻസുകൾ സ്ഥലത്തെത്തിയാണ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




