Uncategorized

ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന പരാതി; പ്രതി കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളജില്‍ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതി പൊലീസ് കസ്റ്റഡിയില്‍. വിദ്യാർത്ഥിയായ ശ്രീഹരിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് നല്‍കിയ പരാതിയിലായിരുന്നു നടപടി.സംഭവത്തിൽ ശ്രീഹരിയെ അറസ്റ്റ് ചെയ്യണമെന്നും കോളേജില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായി പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികൾ രംഗത്തെത്തിയിരുന്നു. ശ്രീഹരിയെ മാനേജ്‌മെന്റ് സംരക്ഷിക്കുന്നുവെന്ന ആരോപണവും വിദ്യാര്‍ത്ഥികള്‍ ഉയർത്തി. കുറ്റാരോപിതനായ വിദ്യാര്‍ത്ഥി കെഎസ്യുവിന്റെ മീഡിയ ടീമിലുള്ളതാണെന്നും ലോക്കല്‍ ഗാര്‍ഡിയനെ വിളിച്ചുവരുത്തി പ്രതിയെ കാമ്പസില്‍ നിന്ന് രക്ഷപ്പെടാന്‍ മാനേജ്‌മെന്റ് സഹായിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. പിന്നാലെ ശ്രീഹരിയെ സംഘടനയിൽ നിന്നും കെഎസ്‌യു പുറത്താക്കി. ഭാരത് മാതാ കോളേജിലെ കെഎസ്‌യു മീഡിയ കമ്മിറ്റി അംഗമായിരുന്നു ശ്രീഹരി.

പ്രതിയായ വിദ്യാര്‍ത്ഥിയെ ഒന്നാം തീയതി തന്നെ പുറത്താക്കിയിരുന്നുവെന്നും പരീക്ഷ എഴുതിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഭാരത് മാതാ കോളേജ് പ്രിന്‍സിപ്പല്‍ സൗമ്യ പ്രതികരിച്ചിരുന്നു. ശ്രീഹരിക്കെതിരെ മുന്‍പ് പരാതി ഒന്നും ഉണ്ടായിരുന്നില്ലെന്നും ആത്മഹത്യാ പ്രവണതയുള്ള വിദ്യാര്‍ത്ഥിയാണെന്ന് വീട്ടുകാര്‍ പറഞ്ഞതുകൊണ്ടാണ് ലോക്കല്‍ ഗാര്‍ഡിയന്റെ കൂടെ വിട്ടയച്ചതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ ലാപ്‌ടോപ്പ് മാനേജ്‌മെന്റിന്റെ കൈവശമുണ്ടെന്ന ആരോപണം തെറ്റാണെന്നും കുട്ടിയുടെ ഫോണ്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button