കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; മന്ത്രി വിജയ് ഷായെ സംരക്ഷിച്ച് മധ്യപ്രദേശ് സർക്കാർ

ഓപ്പറേഷൻ സിന്ദൂരിന് ശേഷം നടന്ന മാധ്യമ സമ്മേളനത്തിന് നേതൃത്വം നൽകിയ കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ സംരക്ഷിക്കുന്ന നിലപാടുമായി മധ്യപ്രദേശ് സർക്കാർ.
മന്ത്രിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനം. ഈ വിഷയത്തിൽ പ്രോസിക്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലെന്ന വാദമായിരിക്കും സുപ്രീം കോടതിയെ അറിയിക്കുക. മന്ത്രിയെ വിചാരണ ചെയ്യാൻ അനുമതി നൽകേണ്ടെന്ന സർക്കാരിന്റെ ശുപാർശ ഗവർണർ മംഗുഭായ് പട്ടേലും അംഗീകരിച്ചു.
കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്ക് തിരിച്ചടി നൽകി കൊണ്ട് കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. വിജയ്ഷായുടെ പ്രതികരണം പരിഹാസ്യമെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.
ഇന്‍ഡോറില്‍ നടന്ന പ്രസംഗത്തിനിടയാണ് മന്ത്രി വിജയ് ഷാ സോഫിയ ഖുറേഷി ക്കെതിരെ വിഭാഗീയതയുടെ വിഷവിത്ത് പാകിയത്. വിജയ് ഷാ ക്ഷമാപണം നടത്തിയെങ്കിലും മന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന നിലപാടിലാണ് പ്രതിപക്ഷം. അതേ സമയം വിജയ് ഷാക്കെതിരെയുള്ള നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്.




