Uncategorized

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: കുട്ടിയടക്കം നാല് മരണം; അമേരിക്കൻ വ്യോമതാവളങ്ങളെ ആക്രമിച്ച് ഇറാൻ

തെഹ്റാൻ: പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ് സംഘർഷം കനക്കുന്നു. ഇറാൻ്റെ തെക്കൻ മേഖല ലക്ഷ്യമിച്ച് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി അടക്കം നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ ജോർദ്ദാനിലെയും ഇറാഖിലെയും അമേരിക്കൻ വ്യോമ താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ബഹ്റൈനിലും കുവൈറ്റിലും ഇറാൻ്റെ ആക്രമണ ശ്രമം ഉണ്ടായതായും റിപ്പോർട്ടുണ്ട്. അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ തെക്കൻ മേഖലകളിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസലൂയേ, ജിറോഫ്ത്, ബന്ദർ അബ്ബാസ്, ഖെഷം ദ്വീപ് , കോനാരക്, ചാബഹാർ, ജാസ്ക്, സിറിക്, ലവാൻ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.

സിറിക്കിൽ നടന്ന ആക്രമണത്തിൽ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന ഒരു വീട് തകർന്നതായാണ് ഇറാൻ റെഡ് ക്രസന്റിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് ഇവിടെ അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ വിജയകരമായ ആക്രമണങ്ങളുടെ ഒരു ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചിരിക്കുന്നത്. ഹോർമൂസിൽ കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്താനും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനും കടലിൽ മൈനുകൾ സ്ഥാപിക്കാനും ഇറാൻ ശ്രമിച്ചതായും ജോർദാനിലെ അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ടതായും ആരോപിച്ചാണ് ആക്രമണമെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button