Uncategorized

ഉത്തര്‍പ്രദേശിലെ പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; 8 കുട്ടികള്‍ അടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. 8 കുട്ടികള്‍ അടക്കം 11 പേരാണ് ഇതുവരെ മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

പിപ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മനോരി ഗ്രാമത്തിലെ പടക്കനിര്‍മാണശാലയിലാണ് ശക്തമായ സ്‌ഫോടനം ഉണ്ടായത്. കൃഷിയിടത്തിലെ ഒരു വീട്ടിലായിരുന്നു നിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചിരുന്നത്. പരിക്കേറ്റ 11 പേരെ പ്രയാഗ്രാജിലെ എസ്ആര്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചതായി ജില്ലാ മജിസ്ട്രേറ്റ് അമിത് പാല്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേര്‍ അതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ചവരില്‍ അഞ്ച് വയസ്സുകാരി പ്രിയാഞ്ജലി, 13 വയസ്സുകാരന്‍ പ്രവീണ്‍ സിങ്, 12 വയസ്സുകാരി ജാന്‍വി, 12 വയസ്സുകാരന്‍ ആദിത്യ, എട്ട് വയസ്സുകാരന്‍ ആദിത്യ, എട്ട് വയസ്സുകാരന്‍ രവി, 32 വയസ്സുകാരി അഞ്ജു, 40 വയസ്സുകാരന്‍ ജ്ഞാന്‍ സിങ്, 35 വയസ്സുകാരന്‍ വിക്രം സരോജ്, ആറ് വയസ്സുകാരന്‍ അന്‍ഷ്, നാല് വയസ്സുകാരന്‍ നാനാ എന്നിവരുണ്ട്. മരിച്ചവരെല്ലാം പടക്കനിര്‍മാണശാലയുടെ സമീപപ്രദേശങ്ങളില്‍ താമസിച്ചിരുന്നവരാണെന്ന് അധികൃതര്‍ പറഞ്ഞു.

സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഫാക്ടറിക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായി. ഫാക്ടറിയോട് ചേര്‍ന്നുള്ള അഞ്ച് വീടുകള്‍ തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു. 18ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തിന് സമീപത്തുകൂടി കടന്നുപോകുന്ന ഡല്‍ഹി-ഹൗറ റെയില്‍പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതവും ഏകദേശം ഒരു മണിക്കൂറോളം നിര്‍ത്തിവച്ചു. അപകടസ്ഥലത്തിന് സമീപമെത്തിയ അജ്മീര്‍-സിയാല്‍ദ എക്‌സ്പ്രസ് മനോരി റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചയച്ചു. ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് സയ്യിദ് സരാവന്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിടുകയും ചെയ്തു.

12ലധികം ഫയര്‍ ടെന്‍ഡറുകളും ഏകദേശം രണ്ട് ഡസനോളം ആംബുലന്‍സുകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയിലെ 50ലധികം ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നുണ്ട്. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതോടെ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയവരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി എക്‌സ്‌കവേറ്ററുകളും 10 ബുള്‍ഡോസറുകളും ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

സ്‌ഫോടനത്തില്‍ പ്രദേശത്തെ ഉയര്‍ന്ന വോള്‍ട്ടേജ് വൈദ്യുതി പോസ്റ്റിനും വൈദ്യുതി ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനായി വൈദ്യുതി വകുപ്പ് ജീവനക്കാര്‍ അറ്റകുറ്റപ്പണികള്‍ നടത്തിവരികയാണ്. അപകടസ്ഥലത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയാണ് മനോരി എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button