Uncategorized

രാജ്യത്തെ പരീക്ഷാ ക്രമക്കേട് കേസുകളിൽ സാമ്പത്തിക ഇടപാടുകൾ തേടി ഇഡി; കള്ളപ്പണ ഇടപാടുകൾ കണ്ടെത്താൻ ലക്ഷ്യം

ദില്ലി: നീറ്റ് -യുജി ചോദ്യപേപ്പർ ചോർച്ചയടക്കം രാജ്യത്തെ വിവിധ പരീക്ഷാ ക്രമക്കേട് കേസുകളിൽ സാമ്പത്തിക ഇടപാടുകൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഝാർഖണ്ഡ്, രാജസ്ഥാൻ, ബിഹാർ, അസം, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പരീക്ഷാ പേപ്പർ ചോർച്ച കേസുകളിലാണ് ഇഡി പ്രാഥമിക വിവരശേഖരണം നടത്തുന്നത്. പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ശൃംഖലയും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നിലെ സാമ്പത്തിക താൽപര്യങ്ങളിലേക്കാണ് ഇഡി അന്വേഷണം. ചോദ്യപേപ്പർ ചോർച്ചയിലൂടെ അനധികൃതമായി പണം സമാഹരിച്ചോ വിദ്യാർത്ഥികളിൽ നിന്നോ ഇടനിലക്കാരിൽ നിന്നോ പണം കൈപ്പറ്റിയോ പിന്നീട് ആ പണം വിവിധ മാർഗങ്ങളിലൂടെ കൈമാറ്റം ചെയ്തോ എന്നതിലേക്കാണ് അന്വേഷണം നീളുന്നത്. നീറ്റ് -യുജി പേപ്പർ ചോർച്ച കേസിലാണ് സിബിഐയിൽ നിന്ന് വിശദമായ രേഖകൾ തേടിയിരിക്കുന്നത്. കേസിന്റെ കുറ്റപത്രം, സാക്ഷിമൊഴികൾ, തെളിവുകൾ, മറ്റ് അന്വേഷണ രേഖകൾ എന്നിവ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായാണ് രേഖകൾ പരിശോധിക്കുന്നത്. കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കുന്നുണ്ട്. പേപ്പർ ചോർച്ചയിലൂടെ ലഭിച്ച പണം എവിടെ നിന്നെത്തി, ആരിലേക്കാണ് പോയത്, ഇടനിലക്കാർ ആരൊക്കെയാണ്, പണം സ്വീകരിച്ച ഗുണഭോക്താക്കൾ ആരാണ് തുടങ്ങിയ വിവരങ്ങളാണ് ഇനി നിർണായകമാകുക. നീറ്റ് -യുജിയിൽ മാത്രം അന്വേഷണം ഒതുങ്ങുന്നില്ല. വിവിധ സംസ്ഥാനങ്ങളിലെ ബോർഡ്, സർവകലാശാല, റിക്രൂട്ട്മെന്റ് പരീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച കേസുകളിലും ഇഡി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഝാർഖണ്ഡിലെ ജെ എസ് എസ് സി- സിജിഎൽ പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള റിക്രൂട്ട്മെന്റ് പരീക്ഷാ കേസുകളും അന്വേഷണ പരിധിയിലാണ്. പേപ്പർ ചോർച്ചയിൽ നേരിട്ട് പങ്കെടുത്തവരെ കണ്ടെത്തുന്നതിനൊപ്പം, അതിന് പിന്നിലെ സാമ്പത്തിക ശൃംഖല പുറത്തുകൊണ്ടുവരികയാണ് ഇഡിയുടെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button