ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്‍റെ ആത്മഹത്യ; പ്രതിഷേധ മാർച്ച് നടത്തിയ ഡിവൈഎഫ്ഐ നേതാക്കൾ അറസ്റ്റിൽ, ‘പൊലീസ് ഷീൽഡും ഹെൽമെറ്റും നശിപ്പിച്ചു’

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ നേതാക്കൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ്, കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി സലാഹ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. അറസ്റ്റിലായ പി സാജുദ്ദീൻ, നബീൽ നെടിയിരുപ്പ് എന്നിവരെ കോടതിയിൽ ഹാജരാക്കും. പ്രതിഷേധത്തിനിടെ പൊലീസിന്‍റെ ഷീൽഡും, ഹെൽമെറ്റും നശിപ്പിച്ചെന്നാണ് കേസ്.
വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ആത്മഹത്യ ചെയ്തത്. ഷൗക്കത്തിനെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫിറ്റ്നസിനായി ഏജന്‍റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചെന്ന് ഷൗക്കത്ത് തന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ടായിരുന്നു. തന്‍റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് ആണെന്നും ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, മോട്ടോർവാഹന വകുപ്പ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.




