നേപ്പാളിലെ മിന്നല്‍ പ്രളയം: ഇന്ത്യയുടെ അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രത; അധിക NDRF സംഘങ്ങള്‍ സജ്ജം

ന്യൂഡല്‍ഹി: നേപ്പാളിലെ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രത. ഈ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിഹാര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. അതിര്‍ത്തി ജില്ലകള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അധിക ദേശീയ ദുരന്ത പ്രതികരണ സേന (NDRF) സംഘങ്ങളെ വിന്യസിക്കുമെന്നും അറിയിച്ചു. ഈ ജില്ലകളിലെ ഭരണകൂടങ്ങള്‍ക്ക് ഉയര്‍ന്ന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നേപ്പാളിനൊപ്പമാണ്. നേപ്പാളിലെ ദുരന്തവുമായി ബന്ധപ്പെട്ട് ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. ബാധിക്കപ്പെടാന്‍ സാധ്യതയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രാദേശിക ഭരണകൂടവും രക്ഷാപ്രവര്‍ത്തക സംഘങ്ങളും എന്‍ഡിആര്‍എഫും ഉയര്‍ന്ന ജാഗ്രതയിലാണ്’ അമിത് ഷാ എക്സില്‍ കുറിച്ചു. ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി.
കേന്ദ്ര ആഭ്യന്തര, വിദേശകാര്യ, ജല, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. നേപ്പാള്‍ ഭാഗത്തുള്ള ജലസംഭരണികളിലെ ജലനിരപ്പ് കുറയുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുകയും ചെയ്തതായി കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു. പരിഭ്രാന്തിയുണ്ടാകേണ്ട സാഹചര്യമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
നേപ്പാള്‍-ചൈന അതിര്‍ത്തി മേഖലയിലെ മിന്നല്‍ പ്രളയം മൂലം നേപ്പാളിലെ ഫുര്‍കെ ഖോലയ്ക്ക് സമീപമുള്ള ത്രിശൂലി നദിയില്‍ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതായി എന്‍ഡിആര്‍എഫ് നേരത്തെ അറിയിച്ചിരുന്നു. ഈ പ്രദേശം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ്. പ്രളയജലം താഴേക്ക് ഒഴുകി ഗണ്ഡക് നദിയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും എന്‍ഡിആര്‍എഫ് അറിയിച്ചു.
ഗണ്ഡക് നദിക്കരികിലെ ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രാദേശിക ഭരണകൂടങ്ങളോട് ജാഗ്രത പാലിക്കാനും സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുമായും എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ വിന്യസിക്കുന്നതിനായി അധിക സംഘങ്ങളെ സജ്ജമാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.




