സ്ഥലപരിമിതിയെ മറികടന്ന് നൂതന കൃഷി,നൂറുമേനി വിളവുമായി ഉദയകുമാർ; ഓണവിപണിയിൽ താരമായി വേറിട്ട കൃഷിരീതികൾ

ഹരിപ്പാട്: സ്ഥലപരിമിതികളെയും പ്രതികൂല സാഹചര്യങ്ങളെയും ഇച്ഛാശക്തികൊണ്ട് അതിജീവിച്ച് വേറിട്ട കൃഷിയിലൂടെ നൂറുമേനി വിളവെടുത്ത് ശ്രദ്ധേയനാകുകയാണ് ഉദയകുമാർ. പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും ഫലവർഗ്ഗങ്ങളും പൂക്കളും ഉൾപ്പെടെ പതിനഞ്ചിലേറെ കാർഷിക ഉല്പന്നങ്ങളാണ് കാർത്തികപ്പള്ളി മഹാദേവികാട് പുത്തൻവീട്ടിൽ അറുപതുകാരനായ ഉദയകുമാറിന്റെ തോട്ടത്തിൽനിന്ന് ഈ ഓണക്കാലത്ത് വിപണിയിലെത്തുന്നത്. ഓണക്കാല പച്ചക്കറി വിളവെടുപ്പ് കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഉല്ലാസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വിനീത ചടങ്ങിൽ സന്നിഹിതയായിരുന്നു. ഉദയകുമാറിന്റെ ഭാര്യ രതിയും മകൾ ഗൗരി കൃഷ്ണയും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
സ്വന്തമായുള്ള ഒരേക്കർ സ്ഥലത്തിലേറെയും വെള്ളക്കെട്ടായതോടെയാണ് വെള്ളത്തിന് മുകളിലേക്ക് പന്തൽ കെട്ടിയുള്ള പച്ചക്കറി കൃഷി ഉദയകുമാർ ആരംഭിച്ചത്. ഭൂമിക്ക് സമാന്തരമായി പന്തലിടുന്നതിനു പകരം വീടിന്റെ മേൽക്കൂര പോലെ പന്തലുകൾ നിർമ്മിച്ച് പാവലും സലാഡ് കുക്കുമ്പറും കൃഷി ചെയ്തത് ഇരട്ടി വിളവ് നൽകി. ഒരു വാരത്തിൽത്തന്നെ പാവലിനൊപ്പം വെണ്ട, തക്കാളി, ചേന എന്നിവ കൃഷി ചെയ്യുന്ന ബഹുവിള രീതിയും വിജയകരമായി പരീക്ഷിച്ചു. പൂർണ്ണമായും ജൈവരീതിയിൽ സ്വന്തമായി തയ്യാറാക്കിയ വളക്കൂട്ടുകൾ ഉപയോഗിച്ചാണ് കൃഷി. കായീച്ചകളെ തുരത്താൻ ഫിറമോൺ കെണികളും സ്ഥാപിച്ചിട്ടുണ്ട്. മൂന്നിനം പാവൽ, രണ്ടിനം സലാഡ് കുക്കുമ്പർ, പടവലം, വെണ്ട, തക്കാളി, മുളക്, ചീര, വഴുതന, പയർ എന്നിവയ്ക്കും കാച്ചിൽ, നനകിഴങ്ങ്, ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾക്കും പുറമെ സ്വർണ്ണമുഖി, മഞ്ചേരി കുള്ളൻ, ചെങ്കദളി, പാളയംകോടൻ, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളിലായി അഞ്ഞൂറോളം വാഴകളും വിവിധയിടങ്ങളിലായുള്ള മൂന്നേക്കർ തോട്ടത്തിലുണ്ട്




