Uncategorized

തിരക്കിലമര്‍ന്ന് താമരശ്ശേരി ചുരം, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളടക്കം മണിക്കൂറുകൾ ചുരത്തില്‍ കുടുങ്ങി

കല്‍പ്പറ്റ: ഓണാവധി ആരംഭിച്ചതോടെ വയനാട്ടിലേക്കുള്ള യാത്രയും തിരികെയിറക്കവും കാരണം ഗതാഗത കുരുക്കിലമര്‍ന്നിരിക്കുകയാണ് താമരശ്ശേരി ചുരം. ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ പിന്നിട്ട് ഞായറാഴ്ച്ചയും തുടരുകയാണ്. അടിവാരം മുതല്‍ ചുരം കയറുന്ന വാഹനങ്ങളുടെയും വൈത്തിരി തളിപ്പുഴ മുതല്‍ ഇറങ്ങാനുള്ള വാഹനങ്ങളുടെയും നീണ്ടനിരയാണ്. ഗുണ്ടല്‍പ്പേട്ടിലെ മുന്തിരിത്തോപ്പും പൂപാടങ്ങളും വയനാട്ടിലെ വിവിധ സ്ഥലങ്ങളും സന്ദര്‍ശിക്കാനായി മലബാറിലെ ജില്ലകളില്‍ നിന്നെത്തുവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതാണ് ചുരത്തിലെ പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. പ്രധാനമായും കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് താമരശ്ശേരി ചുരം വഴിയെത്തുന്നത്.

ശനിയാഴ്ച്ച രാവിലെ ഗുണ്ടല്‍പേട്ട്, വയനാട് ഭാഗത്തേക്ക് പോയ വിനോദസഞ്ചാരികള്‍ രാത്രിയോടെ കൂട്ടത്തോടെ തിരിച്ചെത്തിയതും രാത്രികാലങ്ങളില്‍ മാത്രം പ്രവേശനാനുമതിയുള്ള ഭാരമേറിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ ഒരേസമയം ചുരം കയറുകയും ഇറങ്ങുകയും ചെയ്തതുമാണ് കുരുക്കിന് കാരണമായത്. ഇതിനുപുറമെ ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളില്‍ നടക്കുന്ന വീതികൂട്ടല്‍ പ്രവൃത്തികള്‍ മൂലമുള്ള തടസ്സങ്ങളും പ്രതിസന്ധി ഇരട്ടിയാക്കി. ഞായറാഴ്ച്ചയും ഓണം അവധിയും കൂടിയായതോടെ രാവിലെയും വയനാട് ഭാഗത്തുള്ള വിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്.

അര്‍ദ്ധരാത്രിയില്‍ രൂപപ്പെട്ട കനത്ത ബ്ലോക്കില്‍ അത്യാസന്ന നിലയിലുള്ള രോഗികളുമായി പോയ ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മണിക്കൂറുകളോളമാണ് വഴിയില്‍ കുടുങ്ങിയത്. ഗതാഗതക്കുരുക്കിനിടയിലും ക്ഷമയില്ലാതെ ചില ഡ്രൈവര്‍മാര്‍ വരി തെറ്റിച്ച് തെറ്റായ ദിശയിലൂടെ മുന്നോട്ട് എടുത്തത് ഇരുവശങ്ങളിലേക്കുമുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. ലൈന്‍ ട്രാഫിക്കിങ് കൃത്യമായി പാലിക്കാത്ത കാര്‍ ഡ്രൈവര്‍മാരും സ്വകാര്യ ബസ് ഡ്രൈവര്‍മാരും ചുരത്തിലെ കുരുക്ക് രൂക്ഷമാക്കുന്നതിലേക്ക് നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button