കർണാടകയിൽ കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലിയെ കൊന്നു; മൂന്ന് പേർ അറസ്റ്റിൽ

കർണാടകയിലെ തുമകൂരു ജില്ലയിൽ കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലിയെ കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഗൗരഗൊണ്ടനഹള്ളി ഗ്രാമത്തിലെ കർഷകരായ നാരായണപ്പ, ജിഡി ശിവകുമാർ, ചന്ദ്രേശകർ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് വനം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നാരായണപ്പയുടെ കൃഷിയിടത്തിലാണ് സംഭവം. റാഗി കൃഷി ചെയ്തിരുന്ന നാരായണപ്പ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം നേടാനായി വയലിന് ചുറ്റും കെണി സ്ഥാപിച്ചിരുന്നു. രണ്ട് ദിവസം മുമ്പ്, ഇര തേടി വന്ന ഒരു പുള്ളിപ്പുലി കെണിയിൽ കുടുങ്ങി. വെള്ളിയാഴ്ച രാവിലെ നാരായണപ്പ, ജിഡി ശിവകുമാർ, ചന്ദ്രശേഖർ, ഗ്രാമത്തിലെ ചില യുവാക്കൾ എന്നിവർ സ്ഥലത്തെത്തി കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലിയെ കത്തിച്ചുകൊല്ലുകയായിരുന്നു. പുലിയെ കൊല്ലുന്നതിന്റെ വീഡിയോ ചിലർ റെക്കോർഡ് ചെയ്ത് പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചതായും റിപ്പോർട്ടുണ്ട്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരിഞ്ഞ മാംസവും കത്തിയ അവശിഷ്ടങ്ങളും കണ്ടെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം, പുള്ളിപ്പുലികൾ ഉൾപ്പെടെയുള്ള സംരക്ഷിത വന്യജീവികളെ വേട്ടയാടുകയോ കെണിയിൽ പിടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് ജാമ്യമില്ലാ കുറ്റമാണ്, ഇത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്.



