Uncategorized

ഈ നഗരത്തിൽ പാർക്കുകളും ബീച്ചുകളും വീണ്ടും തുറന്നു

അബൂദബി: കനത്ത മഴയെയും മിന്നലിനെയും തുടർന്ന് താൽക്കാലികമായി അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്നാണ് പൊതുസ്ഥലങ്ങൾ തുറന്നതെന്ന് അബൂദബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വെള്ളിയാഴ്‌ച പാർക്കുകളും വിനോദ സൗകര്യങ്ങളും ബീച്ചുകളും അടച്ചത്. ഇവിടങ്ങളിൽ നടത്താനിരുന്ന പരിപാടികളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴക്കും മിന്നലിനും പിന്നാലെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആഴ്ചകളായി തുടരുന്ന കൊടുംചൂടിന് ശേഷം ഈ വേനൽക്കാലത്ത് അബൂദബിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ മഴയായിരുന്നു ഇത്.

ബീച്ചുകൾ വീണ്ടും തുറന്നെങ്കിലും സുരക്ഷക്ക് മുൻഗണന നൽകണമെന്ന് അധികൃതർ നിർദേശിച്ചു. നിർദിഷ്‌ട ബീച്ചുകളിൽ മാത്രമേ നീന്താവൂ. സുരക്ഷാ നിർദേശങ്ങളും അധികൃതരുടെ നിർദേശങ്ങളും കർശനമായി പാലിക്കണം. കോർണിഷ് ബീച്ച്, അൽ ബത്തീൻ പബ്ലിക് ബീച്ച് എന്നിവയാണ് അനുവദനീയ നീന്തൽ കേന്ദ്രങ്ങൾ.

അതേസമയം, ബീച്ചുകളും പാർക്കുകളും തുറന്നെങ്കിലും യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. നാഷനൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ വിലയിരുത്തൽ പ്രകാരം ശനിയാഴ്ച തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചക്ക്ശേഷം കിഴക്ക്, തെക്ക്, പടിഞ്ഞാറൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെടാനും മഴക്കും സാധ്യതയുമുണ്ട്. ഞായറാഴ്‌ചയും കിഴക്കൻ മേഖലകളിൽ മഴ സാധ്യതയുണ്ട്.

അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. താൽക്കാലിക വേഗപരിധി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് കർശനമായി പാലിക്കണം. മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലൂടെയും താഴ്ന്ന പ്രദേശങ്ങളിലൂടെയും വാഹനമോടിക്കരുതെന്നും വാദികളിലും വെള്ളക്കെട്ടുള്ള മേഖലകളിലും പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button