പിഎം കെയേഴ്സ് ഫണ്ട്: പിശുക്കിലാണ് കരുതൽ; ഹൂ കേയേഴ്‌സ് …!

ന്യൂഡൽഹി • പിഎം കെയേഴ്സ് ഫണ്ടിൽ തുക കുമിഞ്ഞുകൂടുമ്പോഴും ചെലവഴിക്കുന്നതു നാമമാത്രമായ തുക. 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ 1,163 കോടി രൂപയാണു ലഭിച്ചത്. ചെലവഴിച്ചതാകട്ടെ 16 കോടി രൂപയും. 2025 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം അക്കൗണ്ടിൽ 8,452 കോടി രൂപയുണ്ട്. ഇതിൽ 7,847 കോടി രൂപയും സ്ഥിരനിക്ഷേപങ്ങളാണ്.
കോവിഡ് മഹാമാരിക്കാലത്തെ അനുഭവങ്ങളുടെ അടിസ്‌ഥാനത്തിൽ 2020 മാർച്ചിലാണ് പ്രധാനമന്ത്രി എക്സ്ഒഫിഷ്യോ ചെയർമാനും പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവർ ട്രസ്‌റ്റികളായും പിഎം കെയേഴ്സ് ഫണ്ട് നിലവിൽ വന്നത്. കോവിഡ് പോലുള്ള മഹാമാരികളോ പ്രകൃതി ദുരന്തങ്ങളോ സംഭവിക്കുമ്പോൾ ധനസഹായം ലഭ്യമാക്കുകയാണുലക്ഷ്യം. ആദായനികുതി ആനുകൂല്യവും വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള എഫ്സിആർഐ അനുമതിയുമുണ്ട്.
2020 മുതൽ ഇതുവരെ 14,767 കോടി രൂപയാണ് ഫണ്ടിൽ എത്തിയത്.
ചെലവഴിച്ചത് 8133 കോടി രൂപ.
കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്കായി 346 കോടി രൂപയും ഓക്സിജൻ കോൺസൻട്രേറ്ററുകൾ വാങ്ങാൻ 92 കോടി രൂപയും ചെലവിട്ടു.
കണക്ക് പുറത്തുവിട്ടത് 3 വർഷത്തിനുശേഷം
ഫണ്ട് സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുന്നതും ഇതുസംബന്ധിച്ച് പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതു വിലക്കിയതുമാണു വരവുചെലവു കണക്കുകൾ സംബന്ധിച്ചു ചൂടേറിയ വാദപ്രതിവാദങ്ങൾക്കു വഴിതുറന്നത്. 3 വർഷമായി വരവുചെലവു കണക്കുകളും പുറത്തുവിട്ടിരുന്നില്ല.
ചോദ്യക്കടലാസ് ചോർച്ചയിൽ പ്രതിഷേധിച്ച് ജന്തർമന്തറിൽ സമരത്തിനിറങ്ങിയ കോക്രോച്ച് ജനതാപാർട്ടിയുടെ ധനസ്രോതസ് ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തിയപ്പോൾ പിഎം കെയേഴ്സ് ഫണ്ടിൽ നിന്നാണു ധനസഹായം ലഭിക്കുന്നതെന്നു പറഞ്ഞു സിജെപി നേതാക്കൾ പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വെബ്സൈറ്റിൽ രണ്ടു സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ അപ്‌പ്ലോഡ് ചെയ്തത്.



