Uncategorized

ഹോർമുസിൽ ഇറാന് തന്ത്രപരമായ നിയന്ത്രണം നഷ്ടമായി, യുഎസിന് മേൽക്കൈയെന്ന് കപ്പൽ ഡാറ്റ

വാഷിങ്ടൺ: മാസങ്ങൾ പിന്നിട്ടിട്ടും അന്ത്യമില്ലാതെ തുടരുന്ന ഇറാൻ-യുഎസ് യുദ്ധത്തിന്റ കേന്ദ്ര ബിന്ദുവായി ഹോർമുസ് കടലിടുക്ക് മാറിയിരുന്നു. ഹോർമുസിൽ തങ്ങൾക്കാണ് മേൽക്കൈ എന്ന് ഇരുരാജ്യങ്ങളും

അവകാശപ്പെടുന്നുണ്ടെങ്കിലും കടലിടുക്കിൽ യുഎസിപ്പോൾ മേൽക്കൈ സ്ഥാപിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നിർണായകമായ ജലപാതയുടെ നിയന്ത്രണം ഇറാന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കപ്പൽ ഡാറ്റകളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

കപ്പൽ യാത്രകളെ നിരീക്ഷിക്കുന്ന കെപ്ലർ എന്ന സ്ഥാപനത്തിൻ്റെ കണക്കുപ്രകാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രകളിൽ 80 ശതമാനത്തിലധികവും ഒമാനി പാതയിലൂടെയാണ് പോയത്. ഇറാൻ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ അംഗീകൃത കപ്പൽചാലാണിത്.

യു.എസ്. നാവികസേന വാണിജ്യ ടാങ്കറുകളുടെ യാത്രാരേഖകൾ പരിശോധിക്കുകയും അവയ്ക്ക് സുരക്ഷിത പാത ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹോർമുസ് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് പ്രഖ്യാപിച്ച ഇറാൻ, ഒമാന്റെ വടക്കൻ തീരത്തിലൂടെയുള്ള ജലപാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഡസൻ കണക്കിന് കപ്പലുകളെ നേരത്തെ ആക്രമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇറാൻ്റെ മുന്നറിയിപ്പ് അവഗണിച്ച് യുഎസ് നാവികസേനയുടെ സംരക്ഷണത്തോടെ ഭൂരിഭാഗം കപ്പലുകളും ഹോർമുസ് മുറിച്ചുകടക്കാൻ ഈ പാത തിരഞ്ഞെടുക്കുന്നുണ്ട്.

‘കടലിടുക്കിന്റെ നിയന്ത്രണം ഇറാനു ഭാഗികമായെങ്കിലും നഷ്‌ടപ്പെട്ടതായി കാണപ്പെടുന്നു’ കെപ്ലറിലെ ക്രൂഡ് ഓയിൽ വിശകലന വിഭാഗം മേധാവി ഹോമായൂൺ ഫലക്ഷാഹി പറഞ്ഞു.

ഒരു മാസം മുമ്പ് വരെ ഒമാൻ വഴിയുള്ള കപ്പൽ ഗതാഗതം വളരെ കുറവായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ നേർവിപരീതമാണ്. ഇറാൻ ആവശ്യപ്പെടുന്ന പാതയിലൂടെയുള്ള കപ്പൽ ഗാതാഗതം വളരെ കുറഞ്ഞു.

27

ഇറാന്റെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അവർ തങ്ങളുടെ ട്രാൻസ്പോണ്ടറുകൾ ഓഫാക്കിയാണ് പല കപ്പലുകളും യാത്ര ചെയ്യുന്നതെന്നും കെപ്ലർ പറയുന്നു. ട്രാക്കിങ് സംവിധാനങ്ങളെ കബളിപ്പിച്ചും പരമ്പരാഗത മാർഗങ്ങളിലൂടെ ട്രാക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കിയുമാണ് യാത്ര. ഹോർമുസിൻ്റെ പരിസരത്ത് നിലയുറപ്പിച്ചിട്ടുള്ള അമേരിക്കയുടെ ഗണ്യമായ സൈനിക ശേഷി കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളെയും നിരീക്ഷിക്കുന്നുണ്ട്. യുദ്ധത്തിന് തൊട്ടുമുമ്പുള്ള നിലയ്ക്ക് സമാനമായ രീതിയിൽ എണ്ണനീക്കം ഹോർമുസിലൂടെ കഴിഞ്ഞ ആഴ്ച നടന്നിട്ടുണ്ടെന്നും യുഎസ് അവകാശപ്പെടുന്നത്.

ലഭ്യമായ ഡാറ്റകൾ പ്രകാരമുള്ള ഹോർമുസിലെ സ്ഥിതിഗതികൾ ഇപ്രകാരമാണെങ്കിലും ഇരുരാജ്യത്തെയും നേതാക്കൾ തങ്ങളുടെ അവകാശവാദങ്ങളിൽ ഉറച്ച് നിൽക്കുകയാണ്.

ഹോർമുസ് കടലിടുക്ക് തുറന്നുതന്നെ കിടക്കുകയാണെന്നും ഇറാനുമായി ഇനി തുടർചർച്ചകൾ ഉണ്ടാകില്ലെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കി. എന്നാൽ, ധാരണാപത്രത്തിലെ വ്യവസ്ഥകൾ യു.എസ്. പാലിക്കുന്നത് വരെ ഹോർമുസിൽ കപ്പൽ ഗതാഗതത്തിന് വിലക്ക് തുടരുമെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് വാദിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button